പയ്യന്നൂർ: കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സർവ്വീസ് ലൈൻ, ട്രഞ്ച് വർക്ക്, പ്ലംബിംഗ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ 22 മുതൽ ഇളവ് വരുത്തുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഹൈറ്റ്‌സ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ലത, കണ്ണൂർ ഡി.എം.ഒ. ഡോ. നാരായണ നായക് എന്നിവർ വ്യാഴാഴ്ച ആശുപത്രിയിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

ഇവരുമായി നടത്തിയ കൂടിക്കാ‌ഴ്‌ചയെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതെന്ന് ചെയർപേഴ്സൺ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആർദ്രം മിഷന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിട നിർമ്മാണം ഒന്നാം ഘട്ട പ്രവൃത്തി പുരോഗമിച്ചു വരികയാണ്.

കഴിഞ്ഞ മാർച്ച് 26 മുതലാണ് ടി.ഐ മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി യോഗമുൾപ്പെടെ വിളിച്ചുചേർത്ത് നിർമ്മാണ പ്രവർത്തനങ്ങളുടെ സൗകര്യാർത്ഥം താൽക്കാലികമായി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

രോഗികളെ ഇതര

ആശുപത്രിയിലേക്ക് മാറ്റി

പുതിയ കെട്ടിട നിർമ്മാണത്തിനായി രണ്ട് മാസം മുൻപാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി, ഓപ്പറേഷൻ ഉൾപ്പടെയുള്ള വിഭാഗങ്ങളുടെയും മറ്റും പ്രവർത്തനം പരിമിതപ്പെടുത്തുകയോ തളിപ്പറമ്പ് അടക്കമുള്ള വിവിധ സർക്കാർ ആശുപത്രികളിലേക്ക് പൂർണമായും മാറ്റുകയോ ചെയ്തത്.

ബി.ജെ.പി പ്രവർത്തകർ തള്ളിക്കയറി
കെട്ടിട നിർമ്മാണത്തെ തുടർന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പരിമിതപ്പെടുത്തിയ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വ്യാഴാഴ്ച ആശുപത്രിയിലേക്ക് തള്ളിക്കയറി സൂപ്രണ്ടിനെതിരെ മുദ്രാവാക്യം മുഴക്കി. നേരത്തേ പ്രഖ്യാപിച്ച കാലാവധി കഴിഞ്ഞിട്ടും ഒ.പി. യുടേതടക്കം പ്രവർത്തനം പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ ക്യാബിനു മുന്നിലേക്ക് തള്ളിക്കയറി. ഈ സമയം സൂപ്രണ്ട് ഓഫീസിൽ ഉണ്ടായിരുന്നില്ല. പനക്കീൽ ബാലകൃഷ്ണൻ, മോഹനൻ കുഞ്ഞിമംഗലം, ഇ.രാമകൃഷ്ണൻ, പ്രശാന്ത് പെരുമ്പ,എൻ.കെ. ഭാസ്കരൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.