കൊട്ടിയൂർ: ഇടവമാസത്തിലെ ചോതി നാളിൽ തുടങ്ങി മിഥുനത്തിലെ ചിത്തിര നാൾ വരെ 27 നാൾ നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് തൃക്കലശ്ശാട്ടോടെ സമാപനം.
മൂന്നു ദിവസത്തെ കലംപൂജ കഴിഞ്ഞ് ഇന്നലെ അത്തം നാളിലെ പ്രധാന ചടങ്ങുകളായ വാളാട്ടവും, കുടിപതികളുടെ തേങ്ങയേറും അക്കരെ കൊട്ടിയൂരിൽ നടന്നു.
നാലാമത്തെ വലിയ വട്ടളം പായസ നിവേദ്യം അത്തം ചതുശ്ശതം ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. രാത്രിയിൽ കലശമണ്ഡപത്തിൽ കലശപൂജയും നടന്നു. ഇന്ന് വാകച്ചാർത്ത് നടത്തിയ ശേഷം ചോതി വിളക്ക് കെടുത്തും. പിന്നീട് നമ്പീശനും വാര്യരും ചേർന്ന് ശ്രീകോവിലിന്റെ നാല് തൂണുകളും ഒന്നായി പിഴുത് തിരുവഞ്ചിറയിലേക്ക് തള്ളും. ഇതോടെ മണിത്തറ തൃക്കലശാട്ടിന് വേദിയാകുന്നു.
ഇന്ന് നടക്കുന്ന തൃക്കലശാട്ടിനായി കലശമണ്ഡപത്തിൽ പൂജിച്ച് വച്ച കളഭകുംഭങ്ങൾ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ചെറുകലശങ്ങൾ ആടിക്കഴിഞ്ഞാൽ പ്രധാന കലശങ്ങൾ എഴുന്നള്ളിച്ചെത്തിക്കും.
തൃക്കലശാട്ടവും അനുബന്ധപൂജകളും കഴിഞ്ഞാൽ അവകാശമുള്ള നമ്പൂതിരിമാരെല്ലാം
പൂർണപുഷ്പാഞ്ജലി നടത്തും. ആടിയ കളഭം പ്രസാദമായി നൽകും. തൃക്കലശാട്ടിന്റെ പര്യവസാനത്തിൽ മുതിരേരിയിലെ വാൾ തിരിച്ചെഴുന്നള്ളിക്കും. ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കുന്നതിനൊപ്പം
ചപ്പാരം വാളുകളും എഴുന്നള്ളിക്കും. പടിഞ്ഞിറ്റ, പാലോന്നം എന്നിവർ ദേവീദേവ വിഗ്രഹങ്ങൾ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുന്നതോടെ അടുത്ത ഉത്സവകാലംവരെ അക്കരെ സന്നിധാനം മനുഷ്യസ്പർശമേൽക്കാതെ കാത്തുസൂക്ഷിക്കാനായി ഒറ്റപ്പിലാൻ സ്ഥാനികനെ ചുമതലപ്പെടുത്തും.