
മട്ടന്നൂർ(കണ്ണൂർ) : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നര കോടിയോളം രൂപ വിലയുള്ള 2716 ഗ്രാം സ്വർണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി. കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് ആഷിഫിൽ നിന്നു 849 ഗ്രാം സ്വർണവും പുളിയനമ്പ്രം സ്വദേശി പറമ്പന്റവിട അബ്ദുൾ റഫീക്ക് ഇബ്രാഹിമിൽ നിന്ന് 1867ഗ്രാം സ്വർണവുമാണ് പിടിച്ചത്. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇരുവരും വന്നത്.
സ്വർണ മിശ്രിതം ഗുളിക രൂപത്തിലാക്കി ശരീരത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
മുഹമ്മദ് ആഷിഫ് കൊണ്ടുവന്ന 1019 ഗ്രാം സ്വർണ മിശ്രിതം വേർതിരിച്ചപ്പോൾ 849 ഗ്രാമാണ് ലഭിച്ചത്. ഇതിന് 43,89,330 രൂപ വില വരും. അബ്ദുൾ റഫീക്ക് എമർജൻസി ലാമ്പിൽ ഒളിപ്പിച്ച 1867 ഗ്രാം സ്വർണത്തിന് 96,52,390 രൂപ വിലയുണ്ട്. വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
അസി. കമ്മിഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്‌പെക്ടർമാരായ കെ.ആർ.നിഖിൽ, സുരേന്ദ്ര ജംഗിദ്, സന്ദീപ് ദാഹിയ, നിഷാന്ത് താക്കൂർ, ഹെഡ് ഹവിൽദാർ എം.വി.വത്സല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.