പാനൂർ: പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ലക്ഷ്യത്തിനായി നടപടികൾ കർശനമാക്കി. സബ് കളക്ടർ അനുകുമാരിയുടെ നേതൃത്വത്തിൽ പാനൂരിൽ നടത്തിയ റെയ്ഡിൽ പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സബ് കളക്ടർ അറിയിച്ചു. പാനൂർ പൊലീസ് സ്റ്റേഷന് മുൻവശത്തെ ഫ്രഷ് മാർട്ട്, തൊട്ടടുത്ത മാക്ക്മാർട്ട് തുടങ്ങി മൂന്ന് കടകളിലാണ് റെയ്ഡ് നടന്നത്.

15 കിലോയോളം പ്ലാസ്റ്റിക് കവറുകൾ, കപ്പുകൾ, പാത്രങ്ങൾ എന്നിവ പിടികൂടി. പ്ലാസ്റ്റിക്ക് പിടികൂടുന്ന കടകൾക്ക് ആദ്യ തവണ 10,000വും, രണ്ടാം തവണ 25,000 വും പിഴ ചുമത്തുമെന്നും വീണ്ടും കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള ശക്തമായ നടപടികൾ ഉണ്ടാകുമെന്നും സബ് കളക്ടർ മുന്നറിയിപ്പ് നൽകി. ഹരിത കേരളം മിഷൻ കോഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ അസി. കോ ഓർഡിനേറ്റർ കെ.ആർ. അജയകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിതേഷ് കുമാർ, ജെ.എച്ച്.ഐ കെ. രതീഷ്, ഉദ്യോഗസ്ഥരായ പി. ജഗദീശ്, ശ്യാമിൽ മുസ്തഫ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് കർശന നിയന്ത്രണമുണ്ട്.