alakode
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കിയ നിലയിൽ

ആലക്കോട്: മൂന്നര പതിറ്റാണ്ടുകാലം ആലക്കോട് പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയമായി നിലനിന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പൊളിച്ചുനീക്കി. ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കും. ആലക്കോട് ടൗണിനോടുചേർന്ന് നിർമ്മിച്ച ഈ കെട്ടിടം കാലപ്പഴക്കം കൊണ്ടും നിർമ്മാണത്തകരാർ കൊണ്ടും ഉപയോഗിക്കാൻ പറ്റാത്തവിധത്തിലായിട്ട് വർഷങ്ങൾ പലതുപിന്നിട്ടപ്പോഴാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടിയായത്.
പഞ്ചായത്ത് കാര്യാലയം ആലക്കോട് ടൗണിൽ നിന്നും ഒന്നര കി. മീറ്റർ ദൂരെയുള്ള അരങ്ങത്ത് ആണെങ്കിലും കമ്മ്യൂണിറ്റി ഹാൾ ആലക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിനുസമീപത്തുള്ളതുകൊണ്ട് കുടുംബശ്രീ പ്രോഗ്രാമുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പരിപാടികൾ തുടങ്ങിയവയൊക്കെ നടത്തിയിരുന്നത് ഇവിടെയാണ്. വിവാഹ ആവശ്യങ്ങൾക്കും കമ്മ്യൂണിറ്റി ഹാൾ വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കുവാൻ കഴിഞ്ഞിരുന്നു.
ലക്ഷങ്ങൾമുടക്കി നിർമ്മിച്ച ഈ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുവാൻ പഞ്ചായത്ത് അധികൃതർ കാലതാമസം വരുത്തുന്നത് പതിവായതോടെ പ്രോഗ്രാമുകൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാകുകയായിരുന്നു. കമ്മ്യൂണിറ്റി ഹാളിന്റെ സ്ഥിതിയെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

എം.എൽ.എ ഫണ്ടിൽ നിന്ന് 2 കോടി

മൂന്ന് വർഷം മുമ്പ് കെ.സി ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അനുവദിച്ചുവെങ്കിലും പലവിധ കാരണങ്ങളാൽ നിർമ്മാണം തുടങ്ങുവാൻ വൈകി. ഇപ്പോഴത്തെ എം.എൽ.എ അഡ്വ. സജീവ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ കൂടി ലഭ്യമാക്കിക്കൊണ്ടാണ് ആധുനിക സജ്ജീകരണങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഒരുങ്ങുന്നത്.