ആലക്കോട്: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച നാല് മലയോര റോഡുകളിൽ മൂന്നെണ്ണത്തിൽ നിന്നും കിഫ്ബി പിന്മാറി.

ആലക്കോട് ഒറ്റത്തൈ കാപ്പിമല 9 കിലോ മീറ്റർ പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണപ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിൽ നിന്നും ആദ്യം താല്പര്യക്കുറവ് പ്രകടിപ്പിച്ച കിഫ്ബി ഉദ്യോഗസ്ഥർ റോഡിന്റെ പ്രാധാന്യം കണക്കിലെടുത്തും രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്നും പ്രവൃത്തി ഏറ്റെടുത്തുനടത്താമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ആലക്കോട് കോളി പൂവൻചാൽ റോഡ്, ആലക്കോട് നെല്ലിക്കുന്ന് പാത്തൻപാറ റോഡ്, മണക്കടവ് മൂരിക്കടവ് കാപ്പിമല റോഡ് എന്നിവയുടെ പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കുവാൻ കഴിയില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. മലയോര റോഡുകളുടെ നിർമ്മാണത്തിന് ഭീമമായ തുക ചിലവുവരുമെന്നതും എന്നാൽ ഈ റോഡുകളിൽ കൂടിയുള്ള വാഹനങ്ങളുടെ എണ്ണം കുറവാണെന്നതുമാണ് പിന്മാറ്റത്തിനു കാരണമത്രെ. അതേസമയം വൈതൽമല ടൂറിസം വികസനത്തിന് ആലക്കോട് ഒറ്റത്തൈ കാപ്പിമല മഞ്ഞപ്പുല്ല് റോഡിന്റെ നവീകരണം അത്യാവശ്യമാണെന്നതിനാലും കണ്ണൂർ ജില്ലയിലെ മേജർ ഡിസ്ട്രിക്ട് റോഡിൽ പെട്ടതായതിനാലും ഈ റോഡിന്റെ നിർമ്മാണം ഏറ്റെടുക്കാമെന്ന് അംഗീകരിക്കുകയായിരുന്നു.