ആലക്കോട്: വയനാട്ടിൽ നിന്നും കാസർകോട് ജില്ലയിലെ ചീമേനി വരെ പുതിയ 400 കെ.വി. വൈദ്യുതിലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആലക്കോട് പഞ്ചായത്തിലെ 90 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. പ്രാഥമിക സർവ്വേയിൽ പുരയിടവും കൃഷിയിടവുമൊക്കെ നഷ്ടമാകുമെന്ന് ബോധ്യമായതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു.
രണ്ടു വർഷം മുമ്പാണ് പുതിയ വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന വിവരം കെ.എസ്.ഇ.ബി പുറത്തുവിടുന്നത്. മലയോര മേഖലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വൈദ്യുതി പ്രസരണനഷ്ടം കുറയ്ക്കുന്നതിനും വേണ്ടി ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെ ടവർ നിർമ്മിച്ച് വയനാട്ടിൽ നിന്നും വൈദ്യുതി എത്തിക്കുന്ന പദ്ധതിയുടെ ആകാശസർവ്വേ നടത്തിയപ്പോഴാണ് ആലക്കോട് പഞ്ചായത്തിലെ പാത്തൻപാറ, നെല്ലിക്കുന്ന്, കുട്ടാപറമ്പ്, പരപ്പ തുടങ്ങിയ പ്രദേശങ്ങൾക്കു മുകളിൽക്കൂടിയാണ് ലൈൻ കടന്നുപോകുന്നതെന്നറിയുന്നത്. ഇതോടെ പ്രദേശവാസികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.
ഉദ്യോഗസ്ഥരെ തടഞ്ഞു
സർവ്വേ നടത്തുന്നതിനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം നെല്ലിക്കുന്ന് പ്രദേശത്തെ ജനങ്ങൾ തടയുകയും കൃഷിയിടത്തിൽ നിന്ന് ഇറക്കിവിടുകയുമുണ്ടായി. ആറുപതിറ്റാണ്ട് കൊണ്ട് നട്ടുവളർത്തിയ കൃഷികൾ വെട്ടിനശിപ്പിച്ചുകൊണ്ടും വീടുകൾ പൊളിച്ചുമാറ്റിക്കൊണ്ടും ലൈൻ വലിക്കുന്നതിനെ എന്തു വിലകൊടുത്തും തടയുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ.