കൂത്തുപറമ്പ്: കല്ലുകഫെയുടെ പേര് നാടുമുഴുവനുമെത്തിച്ച കൂത്തുപറമ്പ് പുറക്കളത്തെ കുമ്മക്കരോത്ത് നാണു ഓർമ്മയായി. ഏഴ് പതിറ്റാണ്ടിലേറെക്കാലം നാട്ടുകാർക്ക് അവൽ വിളമ്പിയ ശേഷമാണ് നാണുവേട്ടന്റെ മടക്കം.
നാട്ടിൽ പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാണിരുന്ന 19ാം നൂറ്റാണ്ടിലാണ് കൂത്തുപറമ്പ് - കണ്ണൂർ റോഡിലെ പുറക്കളത്ത് അവലും,കാപ്പിയും വിൽക്കുന്ന കടക്ക് തുടക്കം കുറിച്ചത്. നിത്യവൃത്തിക്ക് പോലും നിവൃത്തിയില്ലാതിരുന്ന പ്രദേശത്തുകാരുടെ ഏക ആശ്രയം ഈ കാപ്പി കടയായിരുന്നു. അവലും, തേങ്ങയും, വെല്ലവും കൂട്ടിക്കുഴച്ച് ചുക്ക് കാപ്പിയോടൊപ്പം കഴിക്കുന്നതായിരുന്നു ഇവിടത്തെ രീതി. കേരളത്തിലെ മഹാരഥന്മാരിൽ മിക്ക ആളുകളും ഇവിടുത്തെ അവലിന്റെയും കാപ്പിയുടെയും രുചി അറിഞ്ഞവരായിരുന്നു. സഞ്ചാര സാഹിത്യത്തിലൂടെ പ്രസിദ്ധനായ എസ്.കെ.പൊറ്റക്കാട് തന്റെ രചനകളിൽ കല്ലു കഫെയിലെ അവലിന്റെ പ്രത്യേകതകളെപ്പറ്റി വിവരിക്കുന്നുണ്ട്. ഇഎം.എസ് നമ്പൂതിരിപ്പാട്, എ.കെ.ജി എന്നിവരും കല്ലുകഫെയിലെ രുചിക്കൂട്ടുകളെപ്പറ്റി വിവരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കളും ഇവിടുത്തെ രുചി അറിഞ്ഞവരാണ്.
ഒന്നേകാൽ നൂറ്റാണ്ട് മുൻപ് തുടങ്ങിയ കല്ലു കഫെ തലമുറകൾ കൈമാറിയാണ് കുമ്മക്കരോത്ത് നാണുവിന്റെ കൈകളിലെത്തിയത്. ഏഴ് പതിറ്റാണ്ടിലേറെയായി കല്ലു കഫെയുടെ നടത്തിപ്പുകാരനും പാചകക്കാരനുമെല്ലാം നാണുവേട്ടനായിരുന്നു. ഫാസ്റ്റ് ഫുഡിന്റെ കുത്തൊഴുക്കിലും നാടൻ വിഭവങ്ങൾ തേടി ആളുകൾ എത്തിയിരുന്നത് നാണുവേട്ടന്റെ കൈപുണ്യത്തിലായിരുന്നു.ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന ഇദ്ദേഹം എൺപത്തി ആറാമത്തെ വയസ്സിലാണ് വിടപറഞ്ഞത്. കല്ലു കഫെയുടെ പേരും പെരുമയും നിലനിർത്താനുള്ള ഒരുക്കത്തിലാണ് നാണുവേട്ടന്റെ പിൻമുറക്കാർ