കാഞ്ഞങ്ങാട്: ജില്ലയിൽ പകർച്ചപ്പനിയും വയറിളക്കവും പടരുന്നു. വയറിളക്കം ബാധിച്ച് ശരാശരി ഒരു ദിവസം 100 പേർ ചികിത്സ തേടുന്നുണ്ടെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി പ്രകാശ് പറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 5000 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്.
ഇത് സർക്കാർ ആശുപത്രികളിൽ എത്തിയവരുടെ മാത്രം കണക്കാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആയുർവേദം, ഹോമിയോ തുടങ്ങിയ ആശുപത്രികളിലും ചികിത്സ തേടിയവരുടെ കണക്കു കൂടി പരിശോധിച്ചാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും. ഈ വർഷം മാത്രം 70,000 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഒപിയിൽ എത്തുന്ന രോഗികളുടെ എണ്ണവും ഇരട്ടിയാണ്. കിടത്തി ചികിത്സ വേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്.
എന്നാൽ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണ്. ഈ മാസം 10 കേസുകളാണ് സ്ഥിരീകരിച്ചത്. സംശയാസ്പദമായ 22 കേസുകളും റിപ്പോർട്ട് ചെയ്തു. പരിശോധന കുറവായതിനാൽ കൊവിഡ് ബാധിതരും പനി ബാധിതരിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
വയറിളക്ക രോഗങ്ങൾ കൂടുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയുണ്ടാക്കുന്നു. സ്കൂളുകൾ, വിവാഹ ചടങ്ങുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം വയറിളക്കം ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നു.
മുൻകരുതലെടുക്കാം
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പ്രധാനമായും രോഗം പടരുന്നതെന്നതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക, ഭക്ഷണ സാധനങ്ങൾ അടച്ചു വയ്ക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.
പനി ബാധിക്കുന്ന പ്രായമായവരും പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖം, വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പനിക്ക് സ്വയം ചികിത്സ നടത്താതെ ആശുപത്രിയിൽ ചികിത്സ തേടണം.
പ്രതിരോധ ശേഷി കുറഞ്ഞവരും ഗർഭിണികളും പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണം. എച്ച്1എൻ1 ഗർഭിണികളിൽ പടരാൻ സാധ്യതകൂടുതലാണ്
പടം...നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി വൈകിയും ചികിത്സ തേടിയെത്തിയവർ