kodakkad
കൊടക്കാട് വോളിലീഗിൽ പങ്കെടുക്കുന്ന താരങ്ങൾ

ചെറുവത്തൂർ : നിരവധി പ്രൊഫഷണൽ , സംസ്ഥാന, സർവ്വകലാശാലാ വോളിതാരങ്ങൾക്ക്

ജന്മം നൽകിയ കൊടക്കാട് ഗ്രാമത്തിലെ പലതലമുറയിലെ താരങ്ങൾ അണിനിരക്കുന്ന വോളിലീഗ് ടൂർണമെന്റ് ആവേശത്തിരയിളക്കുന്നു. വ്യത്യസ്ത ടീമുകളിൽ അണിനിരന്ന താരങ്ങളിൽ അച്ഛനും മകനും അമ്മാവനും മരുമകനും ജേഷ്ഠാനുജന്മാരുമൊക്കെയായിരുന്നു. പഴയകാലതാരപ്രഭയുടെ മിന്നലാട്ടങ്ങൾ പ്രതീക്ഷിക്കുന്ന മത്സരത്തിന് കാണികളുടെ പിന്തുണ ആവോളം ലഭിച്ചു.

എം.ഇ.ജി. ബാംഗ്ലൂരിന്റെ മുൻ താരം എ.പ്രമോദ്, മകനും സംസ്ഥാന താരവുമായ പി.ടി. അനുജ് , കേരള പൊലീസ് താരമായ സി.കെ.സനൽ സഹോദരനും ഇന്ത്യൻ ആർമി താരമായ സി.കെ.സുനിൽ തുടങ്ങി ഒരു ഡസനോോളം വോളി താരങ്ങളുണ്ട് കൊടക്കാടിന്റെ സംഭാവനയായി. കൊടക്കാട് എൻ.എസ്.എസ് സി. വോളി ഗ്രൗണ്ടിലാണ് മേള നടന്നത്. നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബും ഗ്രന്ഥാലയം യുവജനവേദിയും ചേർന്നാണ് ആവേശകരമായ വോളിലീഗ് ഒരുക്കിയത്.

ക്ലബ്ബ് അംഗങ്ങളായ പഴയതും പുതിയതുമായ കളിക്കാരെ നാല് ടീമുകളാക്കി ഓവർ റീച്ച് ഓലാട്ട് , പവർ ഹൗസ് കളത്തേര, എയ്സേഴ്സ് അയ്യാട്ട് ചാൽ, ബ്ലോക്കേഴ്സ് ബാങ്ക് ജംഗ്ഷൻ എന്നീ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത് .ടീമുകളുടെ സ്പോൺസർമാരും ക്ലബ്ബ് അംഗ ങ്ങൾ തന്നെയാണ്. വ്യത്യസ്ത ടീമുകളിലായി കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര മത്സരം വീക്ഷിക്കാനായി സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രേക്ഷകർ കൊടക്കാട് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ദിവസവും വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. വോളിബാൾ പുത്തൻ വാഗ്ദാനങ്ങളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സംരംഭങ്ങൾ സംഘടിപ്പിക്കുന്നതെന്ന് നാരായണ സ്മാരക സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ വിശദീകരിച്ചു.