sameer
ബെൽസ്നാപ്പിലെ വലിയ മരം എന്ന നോവലുമായി സമീർ

കൂത്തുപറമ്പ്: മാരകരോഗം ശരീരം തളർത്തിയെങ്കിലും മനസ്സിന്റെ ഇഛാശക്തിയിൽ എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയനായിരിക്കയാണ് കൂത്തുപറമ്പ് കൈതേരി സ്വദേശിയായ പി.വി.സമീർ . ബെൽസ്നാപിലെ വലിയമരം' എന്ന ആദ്യനോവൽ തന്നെ ഹിറ്റായതിന്റെ ത്രില്ലിലാണിപ്പോൾ ഇദ്ദേഹം.
എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ സിനിമയായിരുന്നു സ്വപ്നം. ഹ്രസ്വചിത്രങ്ങളും സീരിയലുകളും പരസ്യങ്ങളും എഴുതിയും സംവിധാനം ചെയ്തും ഏറെക്കാലം സിനിമയിൽ ഇടമുറപ്പിക്കാൻ ശ്രമിച്ചു. തിരക്കഥയുമായി പല തവണ പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ അവസരം കിട്ടാതായതോടെ തനിക്ക് കിട്ടിയ അംഗീകാരങ്ങളും അവാർഡുകളും എല്ലാം കത്തിച്ചുക്കളഞ്ഞു. എട്ടുവർഷം മുമ്പ് സീരിയൽ ചിത്രീകരണത്തിനായി ഖത്തറിലേക്ക് ടിക്കറ്റെടുത്തു നിൽക്കെയാണ് തളർന്നുവീണത്. എല്ലുകൾ കൂടിച്ചേർന്ന് സന്ധികളുടെ ചലനശേഷി നഷ്ടമാവുന്ന ആങ്ക്‌ലോസിസ് എന്ന രോഗം സ്ഥിരീകരിച്ചു. മൂന്നുവർഷത്തോളം കിടന്നകിടപ്പിൽ
ശരീരഭാരം കുറഞ്ഞ സമീർ പരിചയക്കാർക്ക് പോലും തിരിച്ചറിയാത്ത വയ്യാത്ത അവസ്ഥയിലെത്തി.

ചലനശേഷി വീണ്ടെടുക്കാനുള്ള പരിശ്രമം വായനയോടും എഴുത്തിനോടും അടുത്തു. രണ്ടുവർഷം മുമ്പാണ് നോവൽ എഴുതിത്തുടങ്ങിയത്. മനസ് കരുതുംപോലെ കൈചലിപ്പിക്കാനാവുന്നില്ലെന്ന് തോന്നിയപ്പോൾ ടൈപ്പ് ലാപ്‌ടോപ്പിലേക്ക് മാറ്റി. അനുദിനം അരക്ഷിതമാവുന്ന സ്ത്രീജീവിതത്തെക്കുറിച്ചുള്ള ആശങ്കകളാണ് 'ബെൽസ്നാപിലെ വലിയമരം' എന്ന നോവൽ പറയുന്നത്. എവിൻസ്' പ്രസിദ്ധീകരിച്ച നോവൽ ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൺ വിപണികളിൽ ലഭ്യമാണ്. ഷമീറിന്റെ രണ്ടാമത്തെ മകനായ മുഹമ്മദും കലാരംഗത്തുണ്ട്. സ്വന്തമായി പാട്ട് എഴുതി കമ്പോസ് ചെയ്ത പോപ് സംഗീതത്തിൽ ആൽബം ഇറക്കിയിരിക്കുകയാണ് മുഹമ്മദ്. സിനിമയിൽ അവസരങ്ങൾ കിട്ടിയില്ലെങ്കിലും നോവൽ പ്രസിദ്ധീകരിക്കാനായതിന്റെ ആത്മനിർവൃതിയിലാണിപ്പോൾ സമീർ .