കാഞ്ഞങ്ങാട്: സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമാക്കാൻ സർക്കാർ നിർദ്ദേശിക്കുമ്പോഴും കൂടുതൽ തുക അനുവദിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. വിലക്കയറ്റം അതിരൂക്ഷമാകുമ്പോഴും ആറു വർഷം മുമ്പ് നിശ്ചയിച്ച തുച്ഛമായ തുകയാണ് സ്‌കൂളുകൾക്ക് നൽകുന്നത്. പരിമിതമായ തുകയിൽ പദ്ധതി എങ്ങനെ മുന്നോട്ടുപോകുമെന്നാണ് പ്രധാനദ്ധ്യാപകരുടെ ചോദ്യം. ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യണമെന്ന് പറയുമ്പോഴും ഫണ്ടിന്റെ കാര്യത്തിൽ സർക്കാരിന് മിണ്ടാട്ടമില്ല.

ഫണ്ടില്ലായ്മയുടെ ഭാരം കൂടുതലും ബാധിക്കുന്നത് പ്രധാന അദ്ധ്യാപകരെയാണ്. നാട്ടുകാരോടും സഹ അദ്ധ്യാപകരോടും കൈനീട്ടിയാണ് പലരും ഫണ്ട് ശേഖരിക്കുന്നത്. 2016 സെപ്റ്റംബർ അഞ്ചിന് നിശ്ചയിച്ച തുകയാണ് സാധനങ്ങൾ വാങ്ങാൻ ഇപ്പോഴും നൽകുന്നത്. 150 കുട്ടികൾ വരെ ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ ഒരാൾക്ക് എട്ട് രൂപയാണ് അനുവദിക്കുന്നത്. കേന്ദ്ര സർക്കാർ 60ഉം സംസ്ഥാന സർക്കാർ 40ഉം ശതമാനം തുക വഹിക്കുന്നു. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയാണ് ഉച്ചഭക്ഷണം അനുവദിച്ചിട്ടുള്ളത്. പ്രധാനാദ്ധ്യാപകരുടെ സംഘടനകൾ പലവട്ടം സർക്കാറിനോട് അഭ്യർത്ഥിച്ചിട്ടും ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. ഒരു കുട്ടിക്ക് 20 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.

വില കുതിച്ചു കയറി

അരിക്കും പലവ്യഞ്ജനങ്ങൾക്കും മുട്ടക്കും പാലിനുമെല്ലാം ആറു വർഷത്തിനിടെ വില കയറിയത് സർക്കാറുകൾ അറിഞ്ഞമട്ടില്ല. പാചകവാതക വില ഇരട്ടിയായി. ആഴ്ചയിൽ ഒരു മുട്ട പുഴുങ്ങിയതും രണ്ടു പ്രാവശ്യം 150 മി.ലിറ്റർ തിളപ്പിച്ച പാലും നൽകുന്നുണ്ട്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് അതേ വിലയുള്ള നേന്ത്രപ്പഴമാണ് നൽകുന്നത്. പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പ്രധാനാദ്ധ്യാപകർക്ക് തുക അനുവദിക്കുന്നത്. കടകളുടെ അക്കൗണ്ടിലേക്ക് പണമെത്തിക്കുകയാണ് ചെയ്യുക. ഒരു മാസത്തിന് ശേഷമാണ് തുക ലഭിക്കുന്നത്.