മാഹി: മതപരമായി ഭിന്നിപ്പിക്കാൻ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും, മതനിരപേക്ഷതയെന്നത് പല സംസ്ഥാനങ്ങളിലും പിച്ചിച്ചീന്തുകയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രശസ്ത കവി കവിയൂർ രാജഗോപാലന് ജന്മനാട് മലയാള കലാഗ്രാമത്തിൽ നൽകിയ ദീപ്തായനം ആദര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനപരമായ ആശയങ്ങളെ, പുതു തലമുറയിലേക്ക് സന്നിവേശിപ്പിച്ച ബഹുമുഖ പ്രതിഭയാണ് കവിയൂർ രാജഗോപാലനെന്ന് കോടിയേരി പറഞ്ഞു. ചടങ്ങിൽ അഡ്വ. എ.എൻ.ഷംസീർ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്ണൻ പൊന്നാടയും ഉപഹാരവും നൽകി നാടിന്റെ ആദരം കവിയൂർ രാജഗോപാലന് സമർപ്പിച്ചു. നോവലിസ്റ്റ് എം. മുകുന്ദൻ, കവിയൂർ രാജഗോപാലൻ രചിച്ച മെയ് മാസ പൂക്കൾ എന്ന കവിതാ സമാഹാരം ഡോ. എ.പി. ശ്രീധരന് കൈമാറി പ്രകാശനം ചെയ്തു. പ്രൊഫ. എം.എം. നാരായണൻ മുഖ്യഭാഷണം നടത്തി. ഡോ. എ.പി. ശ്രീധരൻ, മുകുന്ദൻ മഠത്തിൽ സംസാരിച്ചു. കവിയൂർ രാജഗോപാലൻ നന്ദി പറഞ്ഞു.
നേരത്തെ മലബാറും സ്വാതന്ത്ര്യസമരവും സെമിനാർ കെ.ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നാരായണൻ കാവുമ്പായി അദ്ധ്യക്ഷനായി. ഡോ. എ. വത്സലൻ, ഡോ. കെ. ലിജി, ഒ. അജിത് കുമാർ, എ. ജയരാജൻ എന്നിവർ സംസാരിച്ചു.
പടം...
പ്രശസ്ത കവി കവിയൂർ രാജഗോപാലന് ജന്മനാട് മലയാള കലാഗ്രാമത്തിൽ നൽകിയ ദീപ്തായനം ആദര ചടങ്ങ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.