wateratm
നോക്കുകുത്തിയായി മാറിയ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ വാട്ടർ എ.ടി.എം മെഷീൻ

ചക്കരക്കൽ: ഇരിവേരി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച വാട്ടർ എ.ടി.എം യന്ത്രം നോക്കുകുത്തിയായി. 2020 ഫെബ്രുവരിലാണ് മെഷീൻ സ്ഥാപിച്ചത്. ആശുപത്രിയിലെത്തുന്നവർക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി സ്ഥാപിച്ച യന്ത്രം പ്രവർത്തിച്ചത് വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. അനെർട്ടാണ് വാട്ടർ എ.ടി.എം ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത്.

ഒൻപതു മാസംമുൻപേ ഇതുകേടായ വിവരം അനെർട്ടിനെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും പറയുന്നു. ഇതു നന്നാക്കാനായി വിദഗ്ദ്ധരെ അയക്കുമെന്ന് അനെർട്ട് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയാരും എത്തിയിട്ടില്ല. ഒന്ന്, അഞ്ച്, 20 ലിറ്റർ അളവിൽ വെള്ളം കാർഡിട്ടാൽ മെഷീനിൽ നിന്ന് ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. സൗജന്യ ജലവിതരണത്തിന് സൗകര്യമൊരുക്കുവാനും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗവുമായാണ് മെഷീൻ സ്ഥാപിച്ചത്.

പദ്ധതിക്കായി സ്ഥലം അനുവദിച്ചുകൊടുക്കുക മാത്രമേ തങ്ങൾ ചെയ്തിട്ടുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അറ്റകുറ്റപ്പണിയെടുത്ത് ഉപയോഗ്യമാക്കാൻ കഴിയില്ലെങ്കിൽ നോക്കുകുത്തിയായി നിർത്താതെ പൊളിച്ചുമാറ്റണമെന്നാണ് ആശുപത്രിയിലെത്തുന്ന പൊതുജനങ്ങളുടെ ആവശ്യം.

പാളിയതോടെ പദ്ധതിയിൽ നിന്ന് പിന്മാറി
ചക്കരക്കല്ലിലും ആലപ്പുഴ അതിരപള്ളിയിലുമാണ് പരീക്ഷണാടിസ്ഥാനത്തിൽ വാട്ടർ എ.ടി.എം തുടക്കത്തിൽ സ്ഥാപിച്ചത്. എന്നാൽ സ്‌പെയർപാർട്സിന്റെ ക്ഷാമം പദ്ധതിക്ക് തിരിച്ചടിയായതോടെ പിന്നീട് മറ്റെവിടെയും സ്ഥാപിച്ചിട്ടില്ലെന്നാണ് അനെർട്ട് അധികൃതർ പറയുന്നത്. നിരന്തരം ഉപയോഗമില്ലെങ്കിൽ ഈ മെഷീൻ കേടുവരാൻ സാദ്ധ്യയേറെയാണെന്നും അവർ വ്യക്തമാക്കി. വാട്ടർ എ.ടി.എം പൊതുസ്ഥലങ്ങളിൽ ഹോട്ടലുകൾ, ബസ് സ്റ്റാൻഡ്, പൊതുകിണർ എന്നിവയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നുവെങ്കിൽ കൂടുതൽ ഉപയോഗ്യമാവുമെന്നാണ് അനെർട്ട് എൻജിനിയർമാർ പറയുന്നത്.