തളിപ്പറമ്പ്: മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ കുപ്പിക്കട്ടകൾക്ക് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിനെ ഉപഹാരം നല്കി അനുമോദിച്ചു.

വീടുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ എൻ.എസ്.എസ് വളണ്ടിയർമാർ ശേഖരിക്കുകയും അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളിൽ നിറച്ച് ഇക്കോ ബ്രിക്കുകൾ നിർമ്മിക്കുകയായിരുന്നു. തുടർന്ന് വളണ്ടിയർമാർ ഇത്തരം ഇക്കോ ബ്രിക്കുകൾ ഉപയോഗിച്ച് സ്കൂൾ മുറ്റത്തെ മാവിൻ ചുവട്ടിൽ വിശ്രമ ബെഞ്ച് നിർമ്മിക്കുകയും ചെയ്തിരുന്നു.

മട്ടന്നൂരിൽ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള മിഷൻ സംഘടിപ്പിച്ച ഹരിതഭൂമിക 2022 പരിപാടിയിൽ വച്ച് മൂത്തേടത്ത് സ്കൂളിനുള്ള ഉപഹാരവും പ്രശംസാ പത്രവും ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ കെ.കെ ശൈലജ എം.എൽ.എ കൈമാറി. പ്രിൻസിപ്പൽ കെ.പി. രജിത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, വളണ്ടിയർമാരായ പി.വി. അമൽരാജ്, സിദ്ധാർത്ഥ് ബാബു, സി. സാഗര സജീവ്, ജെ.കെ ഗോപിക എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.