
കണ്ണൂർ: ജീവിതം പൂർണമായും സർക്കസിനായി മാറ്റിവച്ച ജമിനി ശങ്കരൻ എന്ന കണ്ണൂരിന്റെ ശങ്കരേട്ടന് ഇന്ന് 99. എന്നാൽ ആഘോഷങ്ങളെല്ലാം നൂറിലേക്ക് നീക്കിവച്ചിരിക്കയാണ്. നൂറു വയസ്സുവരെ പോയാൽ നമുക്ക് വലിയ ആഘോഷമാക്കാമെന്നു ശങ്കരേട്ടൻ ഉറപ്പിച്ചിട്ടുണ്ട്.
പിണറായിയിലെ കവിണിശേരി രാമൻ നായരുടെയും കാവുംഭാഗത്തെ മൂർക്കോത്ത് കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമനായ ശങ്കരൻ 1924 ജൂൺ 13ന് ജനിച്ചതു മുതൽ ജീവിതം സർക്കസ് കലാകാരന്മാർക്കും മിണ്ടാപ്രാണികൾക്കും വേണ്ടിയായിരുന്നു.
ഏഴാം ക്ലാസ് കഴിപ്പോൾ തലശ്ശേരി ചിറക്കരയിലെ സർക്കസ് കുലഗുരു കീലേരി കുഞ്ഞിക്കണ്ണന്റെ കളരിയിൽ ചേർന്നതോടെയാണ് തമ്പിനോട് കമ്പം കയറിയത്. ഇന്ത്യയിലെ പ്രശസ്തരായ സർക്കസുകാരെല്ലാം കീലേരി കുഞ്ഞിക്കണ്ണന്റെ ശിഷ്യരായിരുന്നു.
അതിനിടെ പട്ടാളത്തിൽ ജോലി കിട്ടിയെങ്കിലും അധികം വൈകാതെ അതു ഉപേക്ഷിച്ച് തമ്പിലേക്ക് തന്നെ മടങ്ങുകയായിരുന്നു. കൊൽക്കത്തയിൽ 'ബോസ്ലയൺ' സർക്കസിലാണ് തുടക്കം. പിന്നീട് സ്വന്തം ജന്മനക്ഷത്രമായ ജമിനി ആ സർക്കസിന്റെ പേരാക്കി മാറ്റി. ഗുജറാത്തിലെ ബിലിമോറയിലായിരുന്നു ജമിനിയുടെ ആദ്യപ്രദർശനം. ജനങ്ങളെ അദ്ഭുതപ്പെടുത്തുന്ന ക്രോസ് ട്രിപ്പീസ്, റോപ് ഡാൻസ്, ജീപ്പ് ജംബ്, കമ്പിക്ക് മുകളിലൂടെയുളള നടത്തം ഇതൊക്കെ ആരംഭിച്ചതോടെ ജനങ്ങൾ സർക്കസ് കൂടാരത്തിലേക്കൊഴുകി. അതൊടൊപ്പം ഗറില്ല, ചിമ്പാൻസി, സീബ്ര, ഹിപ്പൊപൊട്ടാമസ് ഇങ്ങനെയുളള മൃഗങ്ങളും ജമിനിയിലെത്തി. നാലുവർഷംകൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോ നടത്തുന്ന കമ്പനിയായി ജമിനി മാറി.
മറ്റൊരു സർക്കസ് കമ്പനി നിർത്താൻ പോകുന്നുവെന്നറിഞ്ഞതോടെ അതും ഏറ്റെടുത്താണ് 1977 ഒക്‌ടോബറിൽ ജംബോ സർക്കസ് ആരംഭിക്കുന്നത്. ജംബോ എന്ന പേരിലുളള ജറ്റ് വിമാനങ്ങൾ ജനങ്ങളെ ആകർഷിച്ചതിനാലാണ് പുതിയ സർക്കസ് കമ്പനിക്കും അതേ പേരിട്ടത്. 2010ൽ ജംബോ രണ്ട് കമ്പനിയാക്കി വിഭജിച്ചു.
വയസ് 99ലെത്തിയെങ്കിലും സർക്കസ് ഓർമ്മകൾ അയവിറക്കുകയാണ് വാരത്തെ ശങ്കർ ഭവനിലിരുന്ന് ശങ്കരേട്ടൻ.
അപൂർവ്വാനുഭവങ്ങൾ
1959 ൽ ശങ്കരേട്ടനും സംഘവും ജമിനി സർക്കസുമായി ഡൽഹിയിലെത്തി. അന്ന് ജവഹർലാൽ നെഹ്റുവാണ് പ്രധാനമന്ത്രി. ശങ്കരേട്ടനൊരാഗ്രഹം. സർക്കസിന്റെ ഡൽഹിയിലെ ഉദ്ഘാടന പ്രദർശനത്തിന് നെഹ്റുവിനെ വിളിക്കണമെന്ന്. അതിമോഹമാണെന്നായിരുന്നു യൂണിറ്റിലെ പലരും അഭിപ്രായപ്പെട്ടത്. എന്നാൽ നെഹ്റുവിനെ വിളിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉപേക്ഷിക്കാനായില്ല. പ്രധാനമന്ത്രിയെ കാണാൻ ഇന്നത്തെപോലുള്ള യാതൊരു സാങ്കേതിക തടസങ്ങളും ഉണ്ടായിരുന്നില്ല. ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോൾ തെല്ലും മടിയില്ലാതെ അദ്ദേഹം ക്ഷണം സ്വീകരിച്ചു.
സർക്കസ് കാണാൻ ലോകപ്രശസ്തരും
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിൻ, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി വാലന്റീന തെരഷ്‌കോവ, ചന്ദ്രനിൽ ആദ്യമിറങ്ങിയ നീൽ ആംസ്‌ട്രോംഗ്, റഷ്യൻ പ്രസിഡന്റ് ക്രൂഷ്‌ചെവ്, ഇന്ത്യൻ പ്രസിഡന്റുമാരായിരുന്ന രാജേന്ദ്രപ്രസാദ്, എസ്. രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ അങ്ങനെ നിരവധി പേർ ജമിനി സർക്കസ് കാണാൻ എത്തിയിട്ടുണ്ട്.