കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 52 ലക്ഷം രൂപ ചെലവിട്ട് കാഞ്ഞങ്ങാട് നിർമ്മിക്കുന്ന ടൗൺ സ്‌ക്വയറിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പുതിയകോട്ട ടൗൺ ഹാളിന് മുന്നിൽ ഒരുങ്ങുന്ന ടൗൺ സ്‌ക്വയറിൽ ഇനി വൈദ്യുതീകരണം മാത്രമാണ് ബാക്കിയുള്ളത്. അവസാന ഘട്ടത്തിൽ മരം വച്ച് പിടിപ്പിച്ച് ടൗൺ സ്‌ക്വയറിനെ മനോഹരമാക്കും.

സാംസ്‌കാരിക, പൊതു പരിപാടികൾ നടത്താൻ കാഞ്ഞങ്ങാട് സ്വന്തമായി ഒരു ഇടമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഇടപെട്ട് പദ്ധതി നടപ്പിലാക്കിയത്. ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങൾ ടൗൺ സ്‌ക്വയറിൽ ഉണ്ടാകും. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. ടൗൺ സ്‌ക്വയർ നിലവിൽ വരുന്നതോടെ നഗരത്തിൽ പൊതുപരിപാടികൾക്ക് ഇടമില്ലെന്ന പരാതിക്ക് പരിഹാരമാകും.

കാഞ്ഞങ്ങാട് പൊതുപരിപാടികൾ സംഘടിപ്പിക്കാൻ സ്ഥല പരിമിതിയുണ്ട്. ടൗൺ സ്‌ക്വയർ ഒരുങ്ങുന്നതോടെ കാഞ്ഞങ്ങാടിന്റെ മുഖഛായ തന്നെ മാറുമെന്നും ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു. കാഞ്ഞങ്ങാട് പൈതൃകനഗരമാക്കുന്നതിന്റെ ഭാഗമായാണ് ടൗൺ സ്‌ക്വയർ നിർമ്മിച്ചത്. പഴയ പൊലീസ് ക്വാർട്ടേഴ്സ് പരിസരത്ത് പണിയുന്ന കെട്ടിടം പണിയും അവസാന ഘട്ടത്തിലാണ്. തിയേറ്ററാണ് ഇവിടെ വരാൻ പോകുന്നത്. ഹൊസ്ദുർഗ് റസ്റ്റ് ഹൗസ് പറമ്പിൽ നിന്നു ഒരേക്കർ ഭൂമി ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തിയേറ്റർ അടക്കമുള്ള പദ്ധതികൾ രണ്ടാം ഘട്ടത്തിലാണ് വരിക. ടൗൺ സ്‌ക്വയർ വൈകാതെ ജനങ്ങൾക്ക് സമർപ്പിക്കും.