
തളിപ്പറമ്പ്: പ്രതിഷേധം കണക്കിലെടുത്ത് തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കായി മൂന്നുവഴികളാണ് മുഖ്യമന്ത്രിക്കായി തിരഞ്ഞെടുത്തത്. പ്രതിഷേധക്കാരെ സംശയത്തിലാക്കാനുമായിരുന്നു മൂന്നു വഴികളിൽ പൊലീസുകാരെ വിന്യസിപ്പിച്ചത്. കണ്ണൂരിൽ നിന്ന് ധർമ്മശാല കോൾമൊട്ട വഴി ചൊറുക്കള റൂട്ടായിരുന്നു ഒന്ന്. മറ്റൊന്ന് കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് ദേശീയപാതയിലൂടെ മന്ന വഴിയുള്ളതായിരുന്നു. മൂന്നാമത്തേത് ദേശീയപാതയിൽ തൃച്ചംബരത്ത് നിന്ന് സർ സയ്യിദ് കോളേജ് റോഡ് വഴിയായിരുന്നു.
എന്നാൽ കരിമ്പത്ത് കിലയുടെ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയത് ധർമ്മശാല -ചൊറുക്കള റോഡ് വഴിയായിരുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് ഈ റൂട്ടിലെ പ്രദേശങ്ങൾ. അതുകൂടി കണക്കിലെടുത്താണ് യാത്ര ഇതുവഴിയാക്കിയത്.തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കഴിഞ്ഞാണ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇതു വഴി രാവിലെ വാഹനങ്ങളൊക്കെ കടത്തിവിട്ടെങ്കിലും മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് വാഹനഗതാഗതം തടഞ്ഞു. വേദിയുടെ പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ച് പരിശോധന നടത്തി മാത്രമാണ് ആൾക്കാരെ ഉദ്ഘാടന വേദിയിലേക്ക് കടത്തിവിട്ടത്.
കവാടത്തിന്റെ സുരക്ഷാചുമതല തളിപ്പറമ്പ് ഡിവൈ.എസ്.പി. എം.പി.വിനോദ്കുമാറിനായിരുന്നു. വേദിയിൽ നിന്ന് പത്ത് മീറ്റർ അകലം വിട്ടാണ് ആൾക്കാർക്ക് ഇരിക്കാനുള്ള സജ്ജീകരണം ഒരുക്കിയത്. വേദിയുടെ സുരക്ഷാചുമതല പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രനായിരുന്നു.സദസിന്റെ ഇടതു ഭാഗത്തായാണ് എം.എൽ.എമാർ ഉൾപ്പെടെയുള്ള പ്രധാന വ്യക്തികൾക്ക് ഇരിപ്പിടം ഒരുക്കിയത്. വലതുഭാഗത്തൂടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരിട്ട് വേദിയുടെ തൊട്ടരികിൽ എത്തുന്ന രീതിയിലാണ് സജ്ജീകരണം ഒരുക്കിയത്. സദസിനെയും വേദിയെയും തമ്മിൽ ഇരുമ്പ് വടംകെട്ടി വേർതിരിച്ചിരുന്നു.