ചെറുവത്തൂർ: പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നടപ്പാലം സ്ലാബ് തകർന്ന് അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. മട്ടലായി ശ്രീരാമക്ഷേത്രത്തിനു മുന്നിലൂടെ റെയിൽവേ പാത വഴി ചെറുവത്തൂർ ഭാഗത്തേക്ക് എളുപ്പത്തിൽ നടന്നുപോകാൻ കഴിയുന്ന മട്ടലായി തോടിന് കുറുകെ നിർമ്മിച്ച ചെറിയ പാലമാണ് നാശത്തിന്റെ വക്കിലുള്ളത്.
റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ളവർക്ക് ശ്രീരാമ ക്ഷേത്രത്തിലേക്കും ശിവക്ഷേത്രത്തിലേക്കും വിദ്യാർത്ഥികൾക്ക് ചെറുവത്തൂർ ടെക്‌നിക്കൽ സ്‌കൂളിലേക്കും വളരെ എളുപ്പമുള്ള വഴിയിലാണ് ഈ പാലം. പിലിക്കോട് പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള പ്രദേശവാസികൾ ഇതുവഴിയാണ് റെയിൽവെ സ്റ്റേഷനിൽ എത്തുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഇരുപഞ്ചായത്തുകളുടെയും അധികാരികളുടെ മുന്നിൽ നാട്ടുകാർ ഈ പ്രശ്നം അവതരിച്ചപ്പോൾ, ഇവിടെയൊരു പാലത്തിന്റെ അനിവാര്യത ബോധ്യപ്പെട്ടിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. പഴകി ദ്രവിച്ച പാലം തകർന്ന് അപകടം സംഭവിക്കുന്നതിന് മുമ്പ് ഇതു പൊളിച്ചു മാറ്റി പുതിയ പാലം പണിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
50 വർഷത്തെ പഴക്കം
അരനൂറ്റാണ്ടു മുമ്പ് പണിത ഈ നടപ്പലത്തിന്റെ സ്ലാബ് തകർന്നും കൽത്തൂണു ദ്രവിച്ചും തൂണുകളുടെ അടിയിലെ മണൽ ഒഴുകിപ്പോയും ഏതു സമയത്തും തകരുമെന്ന നിലയിലാണ്.