നീലേശ്വരം: എഴുപതാം പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷിച്ച് പയ്യംകുളത്തെ കർഷകൻ കെ.വി ഭാസ്കരൻ. പ്രത്യേകം നഴ്സറിയിൽ ബഡ് ചെയ്ത് തയാറാക്കിയ 70 മാവ്, പ്ലാവ് തുടങ്ങിയ തൈകൾ നാട്ടുകാർക്ക് വിതരണം ചെയ്തായിരുന്നു പിറന്നാളാഘോഷം. ഒന്നിന് 100 രൂപയോളം വിലവരുമെങ്കിലും കർഷകനായ ഭാസ്കരൻ 70 തൈകളും സൗജന്യമായാണ് വിതരണം ചെയ്തത്.
പയ്യംകുളത്തെ ഭാസ്കരന്റെ വീട്ടിൽ നടന്ന ചടങ്ങ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാർക്ക് തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. എഴുപതാം പിറന്നാളിന്റെ ഓർമ്മയ്ക്കായി 70 പേർക്ക് ഫലവൃക്ഷത്തൈകൾ നൽകണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും അതിന് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ നല്ല പ്രചോദനം നൽകിയെന്നും ഭാസ്കരൻ പറഞ്ഞു. തന്റെ പറമ്പിൽ ജൈവകൃഷി രീതിയിലാണ് കൃഷി ചെയ്യുന്നതെന്നും ഇതിനായി നാടൻ പശുക്കളെ വളർത്തുന്നുണ്ടെന്നും ഭാസ്കരൻ കൂട്ടിച്ചേർത്തു. വാർഡ് മെമ്പർമാരായ കെ.പി അജിത് കുമാർ, ഉമേശൻ വേളൂർ, കൃഷി ഓഫീസർ നിഖിൽ നാരായണൻ, പുഷ്പരാജ് കാറളം, എസ്.കെ ചന്ദ്രൻ, വിജയാനന്ദൻ, ജോർജ് പാലാന്തടം എന്നിവരും സംബന്ധിച്ചു.
പടം....കർഷകൻ കെ.വി ഭാസ്‌കരന്റെ ഫലവൃക്ഷത്തൈ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി വട്ടിപ്പുന്ന ദിവാകരൻ നമ്പ്യാർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.