മാഹി: എഴുപത് കോടി രൂപ ചെലവഴിച്ച് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട മാഹി ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് മാഹി മത്സ്യതൊഴിലാളി ഐക്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2006ൽ പണി തുടങ്ങിയ തുറമുഖ നിർമ്മാണം വർഷങ്ങളായി നിലച്ചമട്ടിലാണ്. പ്രദേശമാകെ കാടുമുടിക്കിടപ്പാണ്. അനുവദിക്കപ്പെട്ട കടലോരത്തെ മണ്ണെണ്ണ ബങ്ക് യാഥാർത്ഥ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പുതുച്ചേരി മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, വകുപ്പ് മേധാവികൾ എന്നിവരുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും നൽകിയ ഉറപ്പുകൾ പോലും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ പ്രശ്ന പരിഹാരമുണ്ടാകുന്നില്ലെങ്കിൽ പുതുച്ചേരി അസംബ്ലിക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഐക്യവേദി പ്രസിഡന്റ് എൻ. ബാലകൃഷ്ണൻ, സെക്രട്ടറി യു.ടി. സതീശൻ, പാറമ്മൽ രതീശൻ, സി. അജിത്കുമാർ എന്നിവർ സംബന്ധിച്ചു.