കാഞ്ഞങ്ങാട്: കോൺഗ്രസും കമ്യൂണിസ്റ്റ് കക്ഷികളും യോജിച്ചുനിൽക്കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ചെമ്മട്ടം വയൽ ഗുരുവായൂർ സത്യാഗ്രഹ സ്മാരക മന്ദിരത്തിൽ ഗാന്ധിയൻ കമ്യൂണിസ്റ്റ് പരേതനായ കെ. മാധവന്റെ മകൻ ഡോ. കോടോത്ത് അജയകുമാർ എഴുതിയ ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട് എന്ന പുസ്തകo പ്രകാശനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കെ. മാധവൻ കാലങ്ങൾക്കുമുമ്പെ കണ്ട ഈ വിപത്ത് രാജ്യത്ത് അപകടകരമാംവിധം വളർന്നിട്ടുണ്ട്. വർഗീയ, ഫാസിസ്റ്റ് ശക്തികൾ രാജ്യമാകെയും അരാജകത്വം സൃഷ്ടിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികൾ യോജിക്കണമെന്ന ആവശ്യം ഉയരുന്നത്. രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസ്ഥാനാർത്ഥിയെ നിർത്താനുള്ള ആലോചനയും ഇതിന്റെ ഭാഗമാണ്. രാജ്യത്ത് പ്രസിഡൻഷ്യൽ ഭരണരീതിയാണ് കേന്ദ്രം ആലോചിക്കുന്നത്. മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ജനങ്ങൾ ഭയപ്പെടുന്ന സാഹചര്യമുണ്ട്. കേരളത്തിലും അതു സംഭവിക്കുമെന്നു ചെന്നിത്തല വ്യക്തമാക്കി. അഡ്വ. സി.കെ ശ്രീധരൻ അദ്ധ്യക്ഷനായി. ഡോ. വി. രാമൻകുട്ടി ആദ്യ പ്രതി ഏറ്റുവാങ്ങി. ഇ.പി രാജഗോപാലകൃഷ്ണൻ പുസ്തക പരിചയം നടത്തി. കെ.പി സതീശ് ചന്ദ്രൻ, വി.കെ രവീന്ദ്രൻ സംസാരിച്ചു. ഗ്രന്ഥകാരൻ അജയകുമാർ മറുപടി പ്രസംഗം നടത്തി. കെ.കെ. ശ്യാംകുമാർ സ്വാഗതവും എം.കെ. ജയരാജ് നന്ദിയും പറഞ്ഞു.