തൃക്കരിപ്പൂർ: ഐ.എൻ.എ സമര ഭടനായ പിതാവിന്റെ സ്മരണയ്ക്കായി തന്റെ വീട്ടുമുറ്റത്ത് ഐ.എൻ.എയുടെ സ്ഥാപകൻ സുഭാഷ് ചന്ദ്ര ബോസിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിച്ച് മകൻ. തൃക്കരിപ്പൂരിലെ ഡോ. കെ. സുധാകരനാണ് പിതാവ് കുഞ്ഞിരാമന്റെ സ്മരണാർത്ഥം വീട്ടു മുറ്റത്ത് കോൺക്രീറ്റിൽ പണിത ജീവൻ തുടിക്കുന്ന പ്രതിമ യാഥാർത്ഥ്യമാക്കിയത്. 12 അടിയുള്ള പ്രതിമ നിർമ്മിച്ചത് പരിയാരം മെഡിക്കൽ കോളേജ് ആർട്ടിസ്റ്റ് എം.വി. രവീന്ദ്രനാണ്.
കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ മുൻ എം.പി. പി. കരുണാകരൻ പ്രതിമ അനാച്ഛാദനം ചെയ്തു. നേതാജിയുടെ സഹോദരി പുത്രൻ അർദേന്ദു ബോസ് ഓൺലൈനിലൂടെ ചടങ്ങിനെ അഭിസമ്പോദന ചെയ്തു. പ്രശസ്ത ക്ഷേത്ര കലാകാരൻ ആർട്ടിസ്റ്റ് കെ.കെ മാരാർ അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. കെ.പി. ജയരാജൻ ആമുഖ ഭാഷണം നടത്തി. എം. രാജഗോപാലൻ എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, ജില്ലാ പഞ്ചായത്തംഗം എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം സി. ചന്ദ്രമതി, എസ്.ഐ. ഉണ്ണികൃഷ്ണൻ, പ്രസ് ഫോറം പ്രസിഡന്റ് എ. മുകുന്ദൻ സംബന്ധിച്ചു. ഡോ. കെ. സുധാകരൻ സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.