പയ്യന്നൂർ: ചരിത്രപ്രസിദ്ധമായ പയ്യന്നൂർ പൊലീസ് മൈതാനത്ത് പൊലീസ് പിടിച്ച വാഹനങ്ങൾ കൂട്ടിയിടുന്നതിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പ്രതിഷേധം. വാഹനങ്ങൾ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച ചർച്ചയിൽ വിവരം കൃത്യമായി അടുത്ത യോഗത്തിൽ അറിയിക്കാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതിൽ യോഗം അതൃപ്തി രേഖപ്പെടുത്തി. യോഗത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് വകുപ്പ് പ്രതിനിധികൾ ലാഘവബുദ്ധിയോടെ മുറുപടി നൽകുന്നത് നല്ല പ്രവണതയല്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
സ്വാമിമുക്ക് - പുത്തൂർ റോഡ്, അന്നൂർ - കാറമേൽ റോഡ് എന്നിവയുടെ നിർമ്മാണ പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും കരാറുകാരന് സമയ പരിധി ദീർഘിപ്പിച്ചു നൽകില്ലെന്നും എ.ഇയുടെ പ്രതിനിധി അറിയിച്ചു. കാനം വയൽ- പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ബസ് സർവ്വീസ് തുടങ്ങുന്നത് സംബന്ധിച്ച മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് സർവ്വീസ് പുനരാരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി പ്രതിനിധി അറിയിച്ചു.
ജലജീവൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏഴോം പഞ്ചായത്തിൽ 100 കണക്ഷൻ മാത്രമേ ബാക്കിയുള്ളു എന്നും പയ്യന്നൂർ ബ്ലോക്കുമായി ബന്ധപ്പെട്ട അഞ്ച് കുടിവെള്ള പദ്ധതികളിൽ ഗ്രൗണ്ട് വാട്ടർ വകുപ്പിന്റെ റിപ്പോർട്ട് ലഭ്യമായാൽ പ്രവൃത്തി തുടരാൻ സാധിക്കുമെന്നും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
വടവന്തൂർ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ബ്രിഡ്ജസ് എൻജിനീയർ പങ്കെടുക്കാത്തതിനാൽ കൂടുതൽ ചർച്ച നടന്നില്ല. എൻജിനീയർ പങ്കെടുക്കാത്തതിൽ യോഗത്തിൽ അമർഷമുയർന്നു. ഹാജരാകാത്ത വകുപ്പ് മേധാവികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, എം.പി.യുടെ പ്രതിനിധി, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ എം.കെ. മനോജ് കുമാർ സ്വാഗതം പറഞ്ഞു.
സി.എൻ.ജി ലഭ്യമാക്കണം
സി.എൻ.ജി ഓട്ടോറിക്ഷയിൽ ഇന്ധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ലാൻഡ് ട്രൈബ്യൂണലിലെ കേസുകൾ അകാരണമായി മാറ്റി വെക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആശങ്ക പ്രടിപ്പിച്ചു.