കണ്ണൂർ: കുടിവെള്ള പൈപ്പ് ലൈൻ നീട്ടാൻ 70 കോടിയുടെ പദ്ധതിക്ക് ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അംഗീകാരം. അമൃത് 2.0 ൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികളിലായി ആകെ 9300 കണക്ഷനുകൾ നൽകാനാണ് തീരുമാനം. എളയാവൂർ, എടക്കാട്, കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഏരിയ, പുഴാതി, പള്ളിക്കുന്ന്, ചേലോറ സോണലുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൗൺസിലർമാർ അതാത് ഡിവിഷനുകളിൽ ആവശ്യമില്ലാതെ കിടക്കുന്ന കുടിവെള്ള കണക്ഷനുകൾ കുറഞ്ഞത് പത്തെണ്ണമെങ്കിലും കണ്ടെത്തി കൗൺസിലിനെ അറിയിക്കണമെന്നും ഇതുവഴി അനാവശ്യമായി വെള്ളക്കരം ഇനത്തിൽ പണമടക്കുന്നത് ഒഴിവാക്കാമെന്നും ഒന്നൊന്നര കൊല്ലമായി ഈ വിധത്തിൽ ഉപയോഗിക്കാത്ത പൈപ്പ് ലൈനുകൾക്ക് പണമടക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
കോർപ്പറേഷൻ പരിധിയിലെ ചെട്ടിയാർകുളം, വലിയകുളം, ചാല അമ്പലകുളം, കീഴുന്ന അമ്പലകുളം എന്നീ
നാല് കുളങ്ങളുടെ പ്രവൃത്തി നവീകരണത്തിനും പുനർ നിർമ്മാണത്തിനും കൗൺസിൽ അംഗീകാരം നൽകി. അമൃത് 2.0 ൽ ഉൾപ്പെടുത്തി 1,49,86,000 രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുക. പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തിൽ വിറകുകൾ ശൂന്യമാണെന്ന് എൽ.ഡി.എഫ് കൗൺസിലർ ടി. രവീന്ദ്രൻ ആരോപിച്ചു. ജീവനക്കാർക്കുള്ള ബിൽഡിംഗ് ഏതു സമയവും പൊളിഞ്ഞ് വീഴുമെന്നും മഴ ശക്തമാകാനിരിക്കുന്ന സാഹച്യത്തിൽ അടിയന്തരമായി ശോചനീയാവസ്ഥ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിറക് ഇറക്കി കൊണ്ടിരിക്കുന്ന ആളുടെ ഭാഗത്ത് നിന്ന് കുറ്റകരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഉടൻ പുതിയ ടെണ്ടർ വിളിച്ച് വിറക് ശേഖരിക്കാനുള്ള നടപടിയെടുക്കും. പയ്യാമ്പലത്ത് ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റി പുതിയത് പണിയാൻ തീരുമാനിച്ചു. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ടുതള്ളുന്നത് പരിശോധിക്കാൻ കോർപ്പറേഷൻ പരിധിയിൽ സ്ഥാപിക്കാൻ തീരുമാനിച്ച സി.സി ടിവിയുമായി ബന്ധപ്പെട്ട ഡി.പി.ആർ ചെയ്യാൻ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളേജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മേയർ അഡ്വ. ടി.ഒ മോഹനൻ
പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ ശവദാഹം ചെയ്യുന്നവർക്ക് വിശ്രമിക്കാനും മറ്റും സൗകര്യങ്ങളില്ല. അതിനാവശ്യമായ സൗകര്യങ്ങൾ ചെയ്യണം.
അഡ്വ. പി.കെ. അൻവർ, എൽ.ഡി.എഫ് കൗൺസിലർ
പയ്യാമ്പലത്തെ പ്രശ്ന പരിഹാരത്തിന് സബ്ബ് കമ്മിറ്റി
പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിലെ ശവദാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സബ്ബ് കമ്മിറ്റി രൂപീകരിക്കുമെന്ന് മേയർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കും.