പെരിയ: ഇടയ്ക്കിടെ സി.പി.എം -കോൺഗ്രസ് സംഘർഷം ഉണ്ടാകാറുള്ള പെരിയ, കല്ല്യോട്ട് പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാനത്തെ പല ഭാഗങ്ങളിലും സി.പി.എം -കോൺഗ്രസ് അക്രമങ്ങളുണ്ടായ സാഹചര്യത്തിൽ പെരിയയിലും കല്ല്യോട്ടും സംഘർഷത്തിന് സാദ്ധ്യതയുണ്ടെന്ന നിഗമനത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയത്.
സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഓഫീസുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. കല്ല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വ്യാപകമായി അക്രമങ്ങൾ നടന്ന പ്രദേശമാണ് പെരിയ. സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും ഓഫീസുകൾ മുമ്പ് ഇവിടെ തകർക്കപ്പെട്ടിരുന്നു.
കല്ല്യോട്ട് തകർക്കപ്പെട്ടിരുന്ന സി.പി.എം ഓഫീസ് പുനർനിർമിച്ചത് അടുത്തിടെയാണ്. ഒരാഴ്ച മുമ്പ് ചാലിങ്കാൽ പ്രിയദർശിനി മന്ദിരത്തിന് നേരെ കല്ലേറ് നടന്നിരുന്നു. നിരവധി തവണയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമണം നടന്നത്.