നീലേശ്വരം: നഗരസഭയിലെ താങ്കൈ കടവ് - പാലായി റോഡ് പണിതിട്ട് 65 വർഷം കഴിഞ്ഞു. പാലായി റോഡ് മുതൽ താങ്കൈ കടവ് വരെയുള്ള 1.50 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ വീതി 3 മീറ്റർ തന്നെ. കാലം മാറി സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച കാലത്താണ് 65 വർഷം മുമ്പ് പണിത റോഡ് മാറ്റമില്ലാതെ തുടരുന്നത്.

എൻ.കെ. കുട്ടൻ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോഴാണ് റോഡ് ടാർ ചെയ്തത്. 7.50 മീറ്റർ റോഡിന് വേണ്ട സ്ഥലമുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്താൻ തയ്യാറാകാത്തതിലാണ് പരാതി ഉയരുന്നത്.

2018ൽ പാലായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പ്രവൃത്തി ആരംഭിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യമന്തി ഉദ്ഘാടനം നിർവ്വഹിച്ചു. റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ വരവും വർദ്ധിച്ചിരിക്കുകയാണ്. പക്ഷെ നല്ലൊരു റോഡില്ലാത്തതിനാൽ ഇവിടേക്ക് വരുന്നവർക്ക് ഗതാഗത തടസ്സം നേരിടുന്നു.

പ്രത്യേകിച്ച് പൊതു വിതരണ കേന്ദ്രം മുതൽ ദിനേശ് ബീഡി കെട്ടിടം വരെയുള്ള വളവും കയറ്റവുമാണ് വാഹനയാത്രക്കാർക്ക് തടസ്സമാകുന്നത്. ഇവിടെ കയറ്റത്തിൽ രണ്ട് വാഹനങ്ങൾ ഇരുഭാഗത്ത് നിന്നും വന്നാൽ ഏറെ സമയം ചെലവഴിച്ചാണ് വാഹനങ്ങൾക്ക് കടന്നുപോകാനാകുന്നത്.

പത്ത് വർഷം മുമ്പ് ആദ്യ നഗരസഭയുടെ കാലത്ത് റോഡിന്റെ ശോച്യാവസ്ഥക്കെതിരെ നാട്ടുകാർ പാലായി റോഡിൽ ഉപരോധസമരം നടത്തിയിരുന്നു. കയ്യൂർ രക്തസാക്ഷിയായിരുന്ന പള്ളിക്കാൽ അബൂബക്കറിന്റെ തറവാട് വീട്ടിലേക്കുള്ള റോഡ് കൂടിയായിരുന്നു പാലായി റോഡ്. പാലായിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ പാലായി റോഡ് മുതൽ ഷട്ടർ കം ബ്രിഡ്ജ് വരെ മെക്കാഡം ടാറിംഗ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.