photo-1-
മുള്ളൻ കൊമ്പുവാലൻ

കണ്ണൂർ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ 2020 ൽ കണ്ടെത്തിയ പുതിയ ഇനം കല്ലൻ തുമ്പിയായ മുള്ളൻ കൊമ്പുവാലൻ കടുവത്തുമ്പിയെ കണ്ണൂരിലെ കൊട്ടിയൂർ വനമേഖലക്ക് സമീപത്തുനിന്നും കണ്ടെത്തി. തുമ്പി നിരീക്ഷകരായ കാട്ടാമ്പള്ളിയിലെ അഫ്‌സർ നായ്ക്കനും കണിച്ചാറിലെ ഡെന്റൽ സർജൻ ഡോ.വിഭു വിപഞ്ചികയുമാണ് ഇതിനെ കണ്ടെത്തിയത്. തുടർന്ന് ട്രാവൻകൂർ നാച്ചർ ഹിസ്​റ്ററി സൊസൈ​റ്റി തുമ്പി ഗവേഷണ വിഭാഗത്തിലെ ഗവേഷകൻ വിനയൻ.പി.നായർ ഇത് സ്ഥിരീകരിച്ചു.

പശ്ചിമ ഘട്ടത്തിലെ ഒരു അത്യപൂർവവും സ്ഥാനീയവുമായ ഇനമാണിത് .
2021 ൽ വിനയൻ നായരും സംഘവും 181 സ്പീഷീസുകൾ ഉൾപ്പെടുന്ന കേരളത്തിലെ തുമ്പികളെ കുറിച്ചുള്ള ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു . മുള്ളൻ കൊമ്പുവാലൻ കടുവത്തുമ്പിയുടെ സാന്നിദ്ധ്യത്തോടെ കേരളത്തിലെ തുമ്പികളുടെ എണ്ണം 182 ആയി ഉയരും. ഈ കടുവത്തുമ്പിയുടെ സാന്നിദ്ധ്യം കേരളത്തിന്റെ ഭാഗമായ പശ്ചിമ ഘട്ട മേഖലയിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടുന്നതിന്റെ ആവശ്യകത വർധിപ്പിക്കുന്നുവെന്ന് ഡോ.കലേഷ് സദാശിവൻ പറഞ്ഞു.