mvj

കണ്ണൂർ :ഇ.പി. ജയരാജനും മറ്റ് യാത്രക്കാരും ക്രിമിനലുകളെ തടഞ്ഞില്ലായെങ്കിൽ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ അക്രമം നടക്കുമായിരുന്നെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാൾ വിമാനത്തിൽ കയറിയത് ഈച്ചയെ ആട്ടാനായിരുന്നില്ല, മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെതന്നെയാണ്. ആയുധം കൊണ്ടുപോകാൻ കഴിയാതിരുന്നത് സെക്യൂരിറ്റി പരിശോധന ഉള്ളതിനാലാണെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

ഉന്നതതലഗൂഢാലോചനയെ തുടർന്നാണ് വിമാനത്തിൽ കയറിയുള്ള അക്രമം ആസൂത്രണം ചെയ്തത്. വിമാനത്തിൽ മുഖ്യമന്ത്രിയെ കൈയ്യേറ്റം ചെയ്യാനായി എത്തിയ ക്രിമിനൽ വധോദ്യമം, ആയുധത്തോടെ അതിക്രമിച്ച് കയറി ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, പകർച്ചവ്യാധി നിരോധനനിയമം ലംഘിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ ചെയ്തതിന് 19 കേസുകളിലെ പ്രതിയാണ്. 2015ൽ യു.ഡി.എഫ് ഭരിക്കുമ്പോൾ പോലും കേസുകളിൽ പ്രതിയായിരുന്നു ഈയാളെന്നും ജയരാജൻ പറഞ്ഞു.