ചെറുവത്തൂർ: ചെറുവത്തൂർ വി.വി. സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ.പി. ചികിത്സ ആരംഭിച്ചു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഒ.പി സേവനം ആരംഭിക്കുന്നത്. തീരദേശ പ്രദേശങ്ങളും സമീപ മലയോരങ്ങളിലെയും സാധാരണക്കാർക്ക് ഇത് ഏറെ ആശ്വാസമായി.

ഇന്നലെ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ രാത്രികാല ഒ.പി.യുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഇ.വി. രാംദാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. അനിൽകുമാർ, എം. സുമേഷ് പഞ്ചായത്ത് ബ്ലോക്ക് അംഗം കെ. വല്ലി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. പത്മിനി, രാജേന്ദ്രൻ പയ്യാടക്കത്ത്, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കുത്തൂർ കണ്ണൻമാഷ്, മുകേഷ് ബാലകൃഷ്ണൻ, പി.പി. ഗോവിന്ദൻ, സുരേഷ് പുതിയ പുരയിൽ, രഘൂത്തമൻ, ഡോ. ടി.വി. സുരേന്ദ്രൻ, ടി. രാജൻ സംസാരിച്ചു. ഡോ. ഡി.ജി. രമേഷ് സ്വാഗതവും ഡോ. അഞ്ജു രവീന്ദ്രൻ നന്ദിയും പറഞ്ഞു. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ ഒ.പി. സേവനം ജനങ്ങൾക്ക് ലഭ്യമാകും.