
കണ്ണൂർ:ജില്ലയിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധിച്ചസംഭവങ്ങളിൽ പൊലീസ് കേസെടുത്ത് നടപടി തുടങ്ങി. കണ്ണൂർ നഗരത്തിൽ പ്രതിഷേധസമരം നടത്തിയ കോൺഗ്രസ്,യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകരായ അറുപതു പേർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഇതിൽ നാൽപത്തിയൊന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും അഞ്ചു വീതം കോൺഗ്രസ് ,യുവമോർച്ച, മഹിളാ മോർച്ചാ പ്രവർത്തകർക്കുമെതിരെയാണ് കേസ്.
തളിപ്പറമ്പ് കരിമ്പത്ത് മുഖ്യമന്ത്രി പങ്കെടുത്ത കില കാമ്പസിലെ ചടങ്ങിൽ റോഡ് ഉപരോധിച്ചതിന് അറസ്റ്റ് ചെയ്ത 18 പേർക്ക് പുറമെ 78 പേർക്കെതിരെ കേസെടുത്തു. സംസ്ഥാന കമ്മറ്റി അംഗം രാഹൂൽ ദാമോദരൻ, ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹൂൽ, സി.വി.വരുൺ, ജയ്സൺ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്റഫ് ബപ്പു, സയീദ് പന്നിയൂർ, സുബൈർ മണ്ണൻ, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂൽ കപ്പാലം, അനസ് കപ്പാലം, സഫ്വാൻ ഇരിങ്ങൽ, ആഷിഖ് തടിക്കടവ്, ജുബൈർ അയിയിൽ, അലി മംഗര, നൗഷാദ് പുതുക്കണ്ടം, ഓലിയൻ ജാഫർ എന്നിവരും കണ്ടാലറിയാവുന്ന അറുപതുപേരുമുൾപ്പെടെയാണ് കേസിൽ പ്രതികളായുള്ളത്.
ജില്ലയിലെ നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിനെതുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെയും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ നടാലിലെ വീടുകൾക്ക് പൊലീസ് സംരക്ഷണമേർപ്പെടുത്തി. രാത്രികാല പട്രോളിംഗ്ശക്തമാക്കുമെന്നും അക്രമം അഴിച്ചുവിടുന്നവരെ ശക്തമായി നേരിടുമെന്നും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
ജില്ലയിൽ വിവിധ അക്രമസംഭവങ്ങളിൽ പങ്കാളികളായ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസിൽ നിന്നുള്ള വിവരം.