കണ്ണൂർ: ചക്കരക്കൽ ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ മുഴപ്പാലറോഡിലെ എൻ.ആർ മന്ദിരത്തിന് നേരെ അക്രമം. ഓഫിസിനകത്തേക്ക് അതിക്രമിച്ചു കയറി സംഘം ഫർണിച്ചറുകളും മറ്റും അടിച്ചു തകർക്കുകയായിരുന്നു.ഓഫീസ് രേഖകളും മറ്റും നശിപ്പിച്ചു.
അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥും ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റിയും സംഭവത്തിൽ പ്രതിഷേധിച്ചു. ചക്കരക്കൽ പൊലിസ് കേസെടുത്തു. പേരാവൂരിൽ കോൺഗ്രസ് പ്രകടനത്തെ സി.പി.എമ്മുകാരെന്ന് ആരോപിക്കുന്ന സംഘം അക്രമിച്ചു. കണ്ണൂർ ജില്ലാപഞ്ചായത്തംഗം ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം.ഗിരീഷ്‌കുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി വിജയൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പേരാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.