കണ്ണൂർ: പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷമുള്ള മതപ്രഭാഷണങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി ഭാരവാഹികൾക്ക് നോട്ടീസ് അയച്ച മയ്യിൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുപ്രകാശിനെ തലശേരി കോസ്റ്റൽ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി.

നോട്ടീസ് അനവസരത്തിലുള്ളതും തെറ്റിദ്ധാരണാജനകമാണെന്നുമാണ് ആഭ്യന്തരവകുപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.സർക്കാരിന്റെ നയമറിയാതെ പ്രവർത്തിച്ചതിനാണ് എസ്.ഐയ്ക്കെതിരെ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളുടെ പ്രവാചക പരാമർശത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പള്ളികമ്മിറ്റി ഭാരവാഹികൾക്ക് എസ്.എച്ച്.ഒയുടെ സീൽ പതിപ്പിച്ച നോട്ടീസ് നൽകിയത്. സംഭവം വിവാദമായതോടെ സുന്നി മഹൽ ഫെഡറേഷനും മുസ്ളിം ലീഗും പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതിയും നൽകിയിരുന്നു. തുടർന്നാണ് എസ്.ഐയ്ക്കെതിരെ നടപടിയെടുത്തത്.