പയ്യന്നൂർ: ഗവ: താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഏഴ് നിലയുള്ള പ്രധാന കെട്ടിടം ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തിയാകും. ടി.ഐ. മധുസൂദനൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ ഒഴിവാക്കാനും
ഈ മാസം 22 മുതൽ ഒ.പി. സംവിധാനം പഴയ നിലയിലേക്ക് മാറ്റാനും ധാരണയായി.
പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീയായാൽ നിലവിലെ സംവിധാനങ്ങൾ അതിലേക്ക് മാറ്റാനും പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടത്താനും തീരുമാനിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി. വിശ്വനാഥൻ, വി.വി. സജിത, നിർവ്വഹണ ഏജൻസിയായ ഹൈറ്റ്സ് ചീഫ് പ്രോജക്ട് മാനേജർ പി. പ്രമോദ് , നിർമ്മാണ കമ്പനി ക്രസന്റിന്റെ പ്രോജക്ട് മാനേജർ എം.കെ. വത്സരാജ് തുടങ്ങിയവർ പങ്കെടുത്തു.
താലൂക്ക് ആശുപത്രിയിൽ ആർദ്രം മിഷന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തിയാണ് പൂർണ്ണതയിലേക്കെത്തുന്നത്. പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുൻപാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി, ഓപ്പറേഷൻ ഉൾപ്പടെയുളള വിഭാഗങ്ങളുടെയും മറ്റും പ്രവർത്തനം പരിമിതപ്പെടുത്തുകയോ തളിപ്പറമ്പ് അടക്കമുള്ള വിവിധ സർക്കാർ ആശുപത്രികളിലേക്ക് പൂർണമായും മാറ്റുകയോ ചെയ്തത്.