തലശ്ശേരി: കോടിയേരി മൂഴിക്കരയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ ബോംബേറ്. കോടിയേരി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.എം കനകന്റെ വീടിനുനേരെയാണ് ഇന്നലെ പുലർച്ചെ ബോംബ് സ്‌ഫോടനം നടന്നത്. വൃദ്ധയായ മാതാവും കനകനും ഭാര്യയുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലിൽ തട്ടിയാണ് ബോംബ് പൊട്ടിയത്.

അമ്മ കിടന്നിരുന്ന മുറിയുടെ ജനലിലാണ് ബോംബ് പതിച്ചത്. സ്‌ഫോടനത്തിൽ ജനൽപടികൾ കത്തിക്കരിഞ്ഞു. വരാന്തയിൽ കുപ്പിച്ചില്ലുകൾ ചിന്നിച്ചിതറിക്കിടപ്പുണ്ട്. ന്യൂമാഹി പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. കെ. മുരളീധരൻ എം.പി, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എ നാരായണൻ, എം.പി അരവിന്ദാക്ഷൻ, അഡ്വ. സി.ടി സജിത്ത്, വി.സി പ്രസാദ് തുടങ്ങിയവരും വീട് സന്ദർശിച്ചു. സംഭവത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് നേതാക്കൾ ആരോപിച്ചു.