തളിപ്പറമ്പ്: ട്യൂഷനായി വീട്ടിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ അദ്ധ്യാപകന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ റിട്ട. അദ്ധ്യാപകൻ കെ.പി.വി. സതീഷ്‌ കുമാറിനെ (60) യാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി പി. മുജീബ്‌ റഹ്മാൻ ശിക്ഷിച്ചത്. 2017 സെപ്തംബർ 20നായിരുന്നു സംഭവം. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ.

സതീഷ്‌ കുമാർ അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മുഖ്യാദ്ധ്യാപകനായിരുന്ന കാലത്താണ് വീട്ടിൽ കേസിനാസ്പദമായ സംഭവം. അദ്ധ്യാപകന്റെ വീട്ടിലെത്തിയ പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചതായാണ് കേസ്. ഇന്നലെ രാവിലെ 11 മണിയോടെ പ്രതി കുറ്റക്കാരനാണെന്ന് കോടതി ശരിവച്ചു. ഒരു മണിയോടെ ആണ് ശിക്ഷാവിധി വന്നത്. തളിപ്പറമ്പ് സി.ഐയായിരുന്ന പി.കെ. സുധാകരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.