കണ്ണൂർ: കോർപ്പറേഷൻ 2022 -23 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ മേയർ അഡ്വ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കെ. ഷബീന അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ വർഷാവർഷം സർക്കാർ കുറവ് വരുത്തുന്നത് വികസന പ്രവർത്തനങ്ങളുടെ സ്തംഭനത്തിന് കാരണമാകുന്നുവെന്ന് മേയർ പറഞ്ഞു. വികസന സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പി.കെ രാഗേഷ് പദ്ധതി അവതരണം നടത്തി. സ്​റ്റാൻഡ‌ിംഗ് കമ്മി​റ്റി ചെയർമാൻമാരായ പി. ഷമീമ, എം.പി രാജേഷ്, അഡ്വ. പി. ഇന്ദിര പ്രസംഗിച്ചു. പ്ലാനിംഗ് റിസോഴ്‌സ് പേഴ്‌സൺ പി.പി കൃഷ്ണൻ വികസന സെമിനാർ സംബന്ധിച്ച നടപടികൾ വിശദീകരിച്ചു.

പ്ലാൻ ഫണ്ട് ജനറൽ വിഭാഗത്തിൽ 40 കോടി 63 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിനായി മൂന്ന് കോടി 68 ലക്ഷം രൂപയുടെയും പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മേഖലയിലെ പദ്ധതികൾക്കായി 35 ലക്ഷം രൂപയുടെയും പദ്ധതികളാണ് തയ്യാറാക്കുന്നത്. റോഡുകളുടെ അ​റ്റകു​റ്റപണികൾക്കായി എട്ട്കോടി 76 ലക്ഷം രൂപയും, മെയിന്റനൻസ് ഗ്രാന്റ് നോൺ റോഡ് വിഭാഗത്തിൽ മൂന്നകോടി 32 ലക്ഷം രൂപയുടെയും പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ധനകാര്യ കമ്മീഷൻ ഗ്രാന്റിനത്തിൽ 36 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ഇടത് കൗൺസിലർമാർ ബഹിഷ്‌കരിച്ചു

കണ്ണൂർ: കോർപ്പറേഷൻ വികസന സെമിനാർ ഇടത് കൗൺസിലർമാർ ബഹിഷ്‌കരിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിൽ വച്ച് മുഖ്യമന്ത്റി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായ കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിലാണ് സെമിനാർ ബഹിഷ്‌കരിക്കുന്നതെന്ന് സി.പി.എം കൗൺസിൽ പാർട്ടി ലീഡർ എൻ. സുകന്യ പറഞ്ഞു. കൗൺസിലർമാരായ ടി. രവീന്ദ്രൻ, പി.കെ. അൻവർ, ചിത്തിര ശശിധരൻ എന്നിവർ സംബന്ധിച്ചു. അതിനിടെ വികസന സെമിനാർ ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ച കെ. സുധാകരൻ ചടങ്ങിനെത്തിയില്ല. മുഖ്യാതിഥികളായെത്തേണ്ടിയിരുന്ന എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ് എന്നിവരും സെമിനാറിൽ പങ്കെടുത്തില്ല. ഇതേ തുടർന്നാണ് മേയർ തന്നെ സെമിനാർ ഉദ്ഘാടനം ചെയ്തത്.