ihrd
ഐ.​എ​ച്ച്.​ആ​ർ.​ഡി​ കോ​ളേ​ജ് ​ഒ​ഫ് ​അ​പ്ലൈ​ഡ് ​സ​യ​ൻ​സി​ന് ​വേ​ണ്ടി​ ​വ​ലി​യ​വെ​ളി​ച്ച​ത്ത് ​നി​ർ​മ്മി​ച്ച​ ​പു​തി​യ​ ​കെ​ട്ടി​ടം​ ​

കൂത്തുപറമ്പ്: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെന്റിന് (ഐ.എച്ച്.ആർ.ഡി) കീഴിലുള്ള കൂത്തുപറമ്പ് കോളേജ് ഒഫ് അപ്ലൈഡ് സയൻസിന് വേണ്ടി വലിയവെളിച്ചത്ത് നിർമ്മിച്ച പുതിയ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി. നിർമ്മാണം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും കോളേജ് സ്വന്തം കെട്ടിടത്തിലേക്ക് മാറാത്തതാണ് സാമൂഹ്യവിരുദ്ധർക്ക് സൗകര്യമായിരിക്കുന്നത്.

സർക്കാർ ഖജനാവിൽ നിന്നും കോടികൾ മുടക്കി പണിത പുതിയ കെട്ടിടമാണ് അധികൃതരുടെ അനാസ്ഥയിൽ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്. വിജനമായ സ്ഥലത്തുള്ള കോളേജ് കെട്ടിടം കാട് മൂടിയിരിക്കുകയാണ്. ഇതോടെയാണ് സാമൂഹ്യവിരുദ്ധർ ഇവിടം കൈയേറിയത്. ഇപ്പോൾ കെട്ടിടത്തിന്റെ അകത്തും പുറത്തുമായി നിരവധി മദ്യകുപ്പിക്കളും സിഗരറ്റ്, പാൻമസാല തുടങ്ങിയ ലഹരി വസ്തുക്കളുടെ ഒഴിഞ്ഞ പാക്കറ്റുകളും വലിച്ചെറിയപെട്ട നിലയിൽ കാണാൻ കഴിയും. ഇതിന് പുറമെ ഉപേക്ഷിക്കപ്പെട്ട തുണിത്തരങ്ങളും ഇവിടെ കാണാൻ സാധിക്കും. അതോടൊപ്പം ജനൽ ഗ്ലാസുകളിൽ പലതും തകർന്നിട്ടുമുണ്ട്.

ക്ലാസ് മുറികളിലെ ചുമരിലും പൊട്ടിയ ഗ്ലാസിന് മുകളിലും അശ്ലീല വാക്കുകളും നിറഞ്ഞിരിക്കുകയാണ്. അനാശാസ്യ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നതായും ആക്ഷേപമുണ്ട്.

ശിലാസ്ഥാപനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫലകം ഇന്നും നിറം മങ്ങാതെ തറയിൽ കിടക്കുന്നതും അനാസ്ഥയുടെ മറ്റൊരു നേർകാഴ്ചയാണ്. നിലവിൽ കോളേജ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പ്രതിമാസം വൻ തുക വാടകയായി നൽകുമ്പോഴാണ് പുതിയ കെട്ടിടത്തോടുള്ള അധികൃതരുടെ അനാസ്ഥ.

വാടക കെട്ടിടം ശീലിച്ചുപോയോ?

2019ൽ അന്നത്തെ സ്ഥലം എം.എൽ.എയും ആരോഗ്യ മന്ത്രിയുമായിരുന്ന കെ.കെ. ശൈലജയാണ് വലിയവെളിച്ചത്ത് അപ്ലൈഡ് സയൻസ് കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. പുറക്കളത്ത് പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ നിന്നും എത്രയും പെട്ടെന്ന് തന്നെ വിദ്യാർത്ഥികളെ മാറ്റും എന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞത്. ഇതിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും പുത്തൻ ബെഞ്ചുകളും ഡെസ്കുകളും, ഒന്നിലധികം ഫാനുകളും ലൈറ്റുകളും ഒരുക്കിയിരുന്നു. ശുചിമുറി അടക്കം എല്ലാ സംവിധാനങ്ങളുമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് അധികാരികളുടെ അനാസ്ഥമൂലം അനാഥമായി കിടക്കുന്നത്.