കുഞ്ഞിമംഗലം: ഗ്രാമ പഞ്ചായത്ത് പരിധിയിൽ സമ്പൂർണ്ണ മാനസിക ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നു. മാനസിക പ്രശ്നങ്ങളും മറ്റ് വൈകല്യങ്ങളുമുള്ളവരെ കണ്ടെത്തി ചികിത്സയും മറ്റു സേവനങ്ങളും ലഭ്യമാക്കുക, തുടർ ചികിത്സ ഉറപ്പാക്കുക, ജനങ്ങൾക്കിടയിൽ മാനസികാരോഗ്യ അവബോധം നൽകുക, മാനസിക ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആരോഗ്യ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
ആശാ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്തി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മുന്നൊരുക്കമായി ജനപ്രതിനിധികൾ, ആരോഗ്യ - ആശാ പ്രവർത്തകർ തുടങ്ങിയവർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ. ശോഭയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എ. പ്രാർത്ഥന ഉദ്ഘാടനം ചെയ്തു. ജില്ലാ മാനസിക ആരോഗ്യ പദ്ധതി പ്രൊജക്ട് ഓഫീസർ റിൻസി മരിയ, സൈക്യാട്രിക്ക് സോഷ്യൽ വർക്കർ കെ.വി. നിഖിത വിനോദ്, കൗൺസിലർ ജി. അഖില, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ്, എ.വി. സന്തോഷ് കുമാർ എന്നിവർ ക്ലാസെടുത്തു. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് എം. ബിന്ദു സ്വാഗതവും ജെ.എച്ച്.ഐ , സി.പി.കെ. ജയന്തി നന്ദിയും പറഞ്ഞു.