kathirur
കതിരൂർ ജി.വി.എച്ച്.എസ്.എസ്.

കതിരൂർ: കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാദാനത്തിന്റെ നൂറു വർഷത്തിലേക്ക്. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ 20ന് അഞ്ച് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിർദ്ധനരായ രണ്ട് വിദ്യാർത്ഥികളുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നല്കുന്നുണ്ട്. അതിൽ ഒന്ന് എൻ.എസ്.എസ് യൂണിറ്റ്, കതിരൂർ ടൗൺ ലയൺസ് ക്ലബ്ബ്, എസ്.പി.സി, സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അതിന്റെ പണി പൂർത്തിയായി. ശതാബ്ദി ആഘോഷച്ചടങ്ങിൽ മന്ത്രി താക്കോൽ കൈമാറും.
അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലായി 1425 കുട്ടികളാണുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 600 പേരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 200 വിദ്യാർത്ഥികളും പഠിക്കുന്നു. 100 അദ്ധ്യാപകരും 10 അനദ്ധ്യാപകരുമുണ്ട്. പ്രഥമാദ്ധ്യാപകൻ പ്രകാശൻ കർത്ത, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ. എസ്. അനിത, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ പി. പ്രമോദൻ എന്നിവരാണ് ഇപ്പോൾ നേതൃത്വം. 2022 ഡിസംബർ മാസത്തിൽ കതിരൂർ ഫെസ്റ്റ് എന്ന പരിപാടിയോടെ ശതാബ്ദി ആഘോഷം അവസാനിക്കും.

സ്‌കൂൾ രേഖകളിൽ ഒന്നാം അഡ്മിഷൻ നമ്പറായി കാണുന്ന വിദ്യാർത്ഥി 1922 ആഗസ്റ്റ് 10ന് ചേർന്ന കെ. നാരായണൻ നായരാണ്. കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പേരാവൂർ, മാനന്തവാടി, പാനൂർ, മമ്പറം, പെരളശ്ശേരി, എന്നിവിടങ്ങളിൽ നിന്നെല്ലാം ഹൈസ്‌കൂൾ വിദ്യാഭ്യാസം തേടി കതിരൂരിൽ പണ്ടുകാലത്ത് വിദ്യാർത്ഥികളെത്തിയിരുന്നു. വയനാട്ടിലും, കിഴക്കൻ മലയോരങ്ങളിലും ഉള്ള വിദ്യാർത്ഥികൾ കതിരൂരിലെ വീടുകളിലും പീടികകളുടെ മുകൾത്തട്ടിലും വാടക കൊടുത്തു താമസിച്ചാണ് പഠിച്ചത്.

സ്വാതന്ത്ര്യ സമരത്തിനൊപ്പം


സ്വാതന്ത്ര്യ സമരകാലത്ത് മിക്ക പ്രക്ഷോഭങ്ങളിലും കതിരൂർ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഭഗത്‌സിംഗിനെ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ച് ടി.കെ. രാജുവിന്റെ നേതൃത്വത്തിൽ 14 കുട്ടികൾ റോഡിലിറങ്ങി പ്രകടനം നടത്തിയതിന് ഹൈസ്‌കൂൾ വിഭാഗം കുട്ടികൾ രണ്ട് രൂപാ വീതവും യു.പി.വിഭാഗം കുട്ടികൾ എട്ടണ വീതവും പിഴയൊഴുക്കേണ്ടി വന്നിട്ടുണ്ട്.
പഴയ കോട്ടയം താലൂക്കിൽ ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി കതിരൂർ സ്‌കൂളിലെ വിദ്യാർത്ഥികൾ ഖദർ ധരിക്കുക, ക്ലാസുകൾ ബഹിഷ്‌ക്കരിക്കുക, കവലയോഗങ്ങൾ നടത്തുക, വീടു വീടാന്തരം കയറി സ്‌ക്വാഡ് പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളതായി പ്രമുഖ ഗാന്ധിയൻ തായാട്ട് ബാലൻ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിൽ എഴുതിയിട്ടുണ്ട്.

സമ്പന്നമായ ശിഷ്യസമ്പത്ത്
സാഹിത്യകാരന്മാരായ തായാട്ട് ശങ്കരൻ, കെ. തായാട്ട്, കെ. പാനൂർ, കെ. പൊന്ന്യം, കെ.പി.ബി. പാട്യം, സിനിമാ നടൻ ശ്രീനിവാസൻ, രാഷ്ട്രീയ നേതാക്കളായ പാട്യം ഗോപാലൻ, പാട്യം രാജൻ, പി. ജയരാജൻ, പി. സതീദേവി, സമുദ്ര ശാസ്ത്രജ്ഞൻ കെ.പി. പ്രഭാകരൻ നമ്പ്യാർ, ചെമ്പൈയുടെ ശിഷ്യനായ പി.കെ. ശങ്കരവർമ്മരാജ, ഇന്ത്യൻ നാവിക സേനയിൽ നിന്നും വിരമിച്ച വൈസ് അഡ്മിറൽ ആർ.പി. സുതൻ, റിട്ട. ഡെപ്യൂട്ടി കളക്ടർ പി.സി. ബാലകൃഷ്ണൻ നായർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരാണ്.