pathayakkunuu
പത്തായക്കുന്ന്- വേറ്റുമ്മൽ റോഡ്

പാനൂർ: ശാപമോക്ഷമാകാതെ പാട്യം പഞ്ചായത്തിന്റെയും കതിരൂർ പഞ്ചായത്തിന്റെയും ഭാഗമായ പത്തായക്കുന്ന് -വേറ്റുമ്മൽ റോഡ്. പാട്യം പഞ്ചായത്ത് റോഡ് നവീകരണം നടത്തിക്കഴിഞ്ഞാൽ രണ്ടും മൂന്നും വർഷങ്ങൾ കഴിഞ്ഞാണ് കതിരൂർ പഞ്ചായത്ത് നവീകരണം തുടങ്ങുക. അപ്പോഴേക്കും പാട്യം പഞ്ചായത്തിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ടാവും. ഇതാണ് നാലു പതിറ്റാണ്ടുകളായി ഈ റോഡിന്റെ സ്ഥിതി.

പാട്യം പഞ്ചായത്തിലെ ഏകദേശം 2.700 മീറ്ററോളം ഭാഗം രണ്ടു ഘട്ടങ്ങളിലായി ജില്ലാ പഞ്ചായത്ത് നല്കിയ 30 ലക്ഷം രൂപ ഉപയോഗിച്ച് സൈഡ് കോൺക്രീറ്റ് ചെയ്ത്, രണ്ട് കൾവർട്ടുകൾ പണിത് റീ ടാറിംഗ് നടത്തി. ഇനിയും 300 മീറ്ററോളം നവീകരിക്കാനുണ്ട്. അപ്പോഴേക്കും കതിരൂർ പഞ്ചായത്തിന്റെ 700 മീറ്ററോളം വരുന്ന ഭാഗം വരുന്ന റോഡ് പൊട്ടി തകർന്നു കിടക്കുകയാണ്.

വയൽ പീടികയിലെ കൾവെർട്ടിന്റെ സ്ഥാനത്ത് പടുകുഴി രൂപാന്തരപ്പെട്ട് മാസങ്ങളായിട്ടും വാഹനങ്ങൾ അപകടക്കെണിയിൽ വീഴാതിരിക്കാൻ ചുറ്റിലും കല്ല് കൊണ്ട് സംരക്ഷണ വലയം തീർത്തിരിക്കുകയാണ്. വേറ്റുമ്മൽ നിന്ന് ഇറങ്ങി വയലിലെത്തുന്നതോടെ റോഡാകമാനം പൊട്ടി പൊളിഞ്ഞ് വെള്ളക്കെട്ടുകൾ നിറഞ്ഞ വൻകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

ബസുകളും സ്കൂൾ വാഹനങ്ങളും

കുഴികൾ കയറിയിറങ്ങി

നാല് ബസുകൾ നിത്യേന റോഡിൽ സർവീസ് നടത്തുന്നുണ്ട്. നിരവധി സ്കൂൾ വാഹനങ്ങളും നിത്യേന ഇതുവഴി കടന്നുപോകുന്നു. കാൽനട യാത്രപോലും ദുഷ്ക്കരമായ അവസ്ഥയിലാണ്. കതിരൂർ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് 20 ലക്ഷം ഉപയോഗിച്ച് റോഡ് നവീകരിച്ചിട്ട് മൂന്ന് വർഷമായിട്ടില്ല. റോഡിലെ

വെള്ളക്കെട്ട് പരിഹരിക്കാനും ഓവുചാലുകൾ നിർമ്മിക്കുവാനുമാണ് കൂടുതൽ തുകയും വിനിയോഗിച്ചത്. നവീകരണ പ്രവർത്തനം പൂർത്തിയാക്കാനായിട്ടില്ല. റീ ടാറിംഗ് നടത്തണമെങ്കിൽ മൂന്നു വർഷം കഴിയണം.

പശ്ചാത്തല മേഖലയിലെ തുക കൊണ്ട് പഞ്ചായത്തിന്റെ ആസ്തിയിലുള്ള മൂന്നു മീറ്റർ റോഡ് പോലും കൃത്യമായി പരിപാലിക്കാൻ കഴിയുന്നില്ല. ഓടകൾ ഉൾപ്പെടെ എട്ടു മീറ്റർ വീതിയുള്ള വേറ്റുമ്മൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ജില്ലാ പഞ്ചായത്തോ, പി.ഡബ്‌ള്യു.ഡിയോ റോഡ് ഏറ്റെടുക്കണം. സംസ്ഥാന സർക്കാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം രണ്ടു മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അപൂർവ്വം റോഡുകൾ പി.ഡബ്‌ള്യു.ഡി ഏറ്റെടുക്കുന്നത് പോലെ രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡും ഏറ്റെടുത്ത് സംരക്ഷിക്കണം.

നാട്ടുകാർ