കൂത്തുപറമ്പ്: ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയതായി പരാതി. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കലാ (14)മാണ് തെറിച്ചു വീണത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ മെരുവമ്പായി ടൗണിലാണ് സംഭവം.

ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സെന്റ് മേരീസ് ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. വിദ്യാർത്ഥിയുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ രക്ഷിതാവിനെ വിവരം അറിയിച്ചതിനെ തുടർന്ന് രക്ഷിതാവ് എത്തിയാണ് കുട്ടിയെ ക്രിസ്തുരാജ് ഹോസ്പിറ്റലിൽ എത്തിച്ചത്. പിന്നീട് നാട്ടുകാർ ബൈക്കിൽ പിന്തുടർന്ന് നിർത്താതെപോയ ബസിനെ തടയുകയായിരുന്നു. അപകടം വരുത്തിവച്ച ബസ് കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.