തളിപ്പറമ്പ്: സിറിയയിലേക്ക് യുവതികളെ കടത്തിയ സംഘത്തിന്റെ തലവനായ തളിപ്പറമ്പ് സ്വദേശിയുടെ വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ തളിപ്പറമ്പിലെത്തി. ദേശീയ അന്വേഷണ ഏജൻസി, ഭീകരവിരുദ്ധ സ്ക്വാഡ്, ഇന്റലിജൻസ് തുടങ്ങിയ ഉദ്യോഗസ്ഥരാണ് തളിപ്പറമ്പിൽ ക്യാമ്പ് ചെയ്ത് വിവരങ്ങൾ തേടുന്നത്. മജീദെന്ന ഗാസലിനെ കുറിച്ചുള്ള വിശദാംശങ്ങളാണ് തേടുന്നത്.

കുട്ടികളെ പരിചരിക്കാൻ മാസം 50,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് കുവൈത്തിലേക്ക് യുവതികളെ എത്തിച്ച് ഇവിടെ നിന്നും അടിമവേലയ്ക്കായി വില്പന നടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇതിൽ എതിർപ്പുന്നയിക്കുന്നവരെ സിറിയയിൽ ഐസിസിന് കൈമാറുന്നതായും വെളിപ്പെട്ടതോടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയത്. ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട പശ്ചിമ കൊച്ചി സ്വദേശിനിയായ യുവതിയിൽ നിന്നാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരം പുറത്തായത്.

ഇരിട്ടി സ്വദേശിയാണ് മജീദെന്നാണ് സൂചന. തളിപ്പറമ്പിൽ ഇദ്ദേഹത്തിന്റെ ഭാര്യ വീടാണ്. കാര്യാമ്പലത്ത് വാടക വീട്ടിൽ താമസിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാളെ കുറിച്ച് പ്രദേശവാസികൾക്ക് ഇപ്പോൾ വിവരമൊന്നുമില്ല. ഇയാൾ എവിടേക്കാണ് മുങ്ങിയതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ഏജൻസികൾ.