കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിപാലന ചെലവ് ഈ വർഷം 27 ലക്ഷം
പയ്യന്നൂർ: റെയിൽവേ ഗേറ്റ് പ്രവർത്തിപ്പിക്കുവാൻ പയ്യന്നൂർ നഗരസഭ വർഷം തോറും ചെലവിടുന്നത് ലക്ഷങ്ങൾ. കണ്ടങ്കാളി റെയിൽവേ ഗേറ്റ്
(നമ്പർ 259 എ) പ്രവർത്തിപ്പിക്കുന്നതിനാണ് നഗരസഭ വർഷം തോറും ലക്ഷങ്ങൾ റെയിൽവേക്ക് നൽകുന്നത്.
അരനൂറ്റാണ്ട് മുമ്പ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി റെയിൽവേയുമായി ഉണ്ടാക്കിയ കരാറാണ് നഗരസഭക്ക് വൻ ബാദ്ധ്യതയായി മാറുന്നത്. നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ലെവൽ ക്രോസ് മെയിന്റനൻസ് ചാർജായി 27,11,907 രൂപ അടക്കണമെന്നാണ് സതേൺ റെയിൽവേ നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗം പണം അടക്കുന്നതിന് അനുമതിയും നൽകി.
നഗരം ഇന്നത്തെ നിലയിൽ വികസിക്കുന്നതിനു മുൻപ് 1964ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി ജനങ്ങളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് റെയിൽവേയുമായി ഉണ്ടാക്കിയ കരാറാണ് ഇന്ന് നഗരസഭയ്ക്ക് ബാദ്ധ്യതയാകുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ വർഷം പിന്നിടുന്തോറു ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂടി വരികയും കൂടിയ തുക റെയിൽവേ ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകിയില്ലെങ്കിൽ ഗേറ്റ് അടച്ചിടുമെന്ന ഭീഷണി ഉയർന്നതോടെ വർദ്ധിച്ച തുക വർഷം തോറും ഭരണസമിതികൾ റെയിൽവേക്ക് നൽകി വരികയാണ്.
നാവിക അക്കാഡമിയോടനുബന്ധിച്ച് എപ്പോഴെങ്കിലും മേൽപ്പാലം വരികയാണെങ്കിൽ മാത്രമെ നഗരസഭയ്ക്ക് ഈ ചിലവിൽ നിന്ന് രക്ഷനേടുവാൻ പറ്റുകയുള്ളു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
കരാറിന് 58 വർഷം പഴക്കം
58 വർഷം മുമ്പ് 1964ൽ രാമന്തളി, കുന്നരു പ്രദേശത്തുകാർ പയ്യന്നൂരിലേക്ക് വരുവാൻ കല്ലേറ്റുകടവിൽ കടത്ത് തോണിയെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പുറം കണ്ടങ്കാളി റോഡ് വഴിയാണ് സാധനങ്ങളും മറ്റും കൊണ്ട് പോയിരുന്നത്. റെയിൽവേ ലൈനിനു സമീപം റോഡ് അവസാനിച്ചിരുന്നതിനാൽ തലച്ചുമടയാണ് സാധനങ്ങൾ കടവിലേക്ക് കൊണ്ടു പോയിരുന്നത്. ജനങ്ങളുടെ പ്രയാസങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ കാവൽക്കാരനുള്ള റെയിൽവേ ഗേറ്റ് അനുവദിക്കണമെന്ന്, പഞ്ചായത്ത് ഭരണസമിതി റെയിൽവേയോട് ആവശ്യപ്പെടുകയായിരുന്നു. ചെലവ് വഹിക്കാമെങ്കിൽ ലെവൽ ക്രോസ് അനുവദിക്കാമെന്നും വർഷത്തിൽ രണ്ടായിരത്തിൽ താഴെ രൂപ മാത്രമെ നൽകേണ്ടതുള്ളൂ എന്ന് റെയിൽവേ അറിയിക്കുകയും ചെയ്തതിനാൽ പഞ്ചായത്ത് സമ്മതം അറിയിക്കുകയായിരുന്നു.
നഗരസഭയിൽ വികസനത്തിന് ചെലവഴിക്കേണ്ട തനതുഫണ്ടിൽ നിന്നാണ് വർഷം തോറും ലക്ഷക്കണക്കിന് രൂപ റെയിൽവേക്ക് നൽകേണ്ടി വരുന്നത്. ഇത് ഒഴിവായി കിട്ടാൻ നിവേദനങ്ങളും മറ്റും നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല
നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത