പയ്യന്നൂർ: ഗാന്ധിമന്ദിരവും ഗാന്ധി പ്രതിമയും അടിച്ചു തകർത്ത പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പയ്യന്നൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലും ലാത്തിച്ചാർജിലും കലാശിച്ചു. പരിക്കേറ്റ നാലു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഘർഷം ഉടലെടുത്തത്. ഗാന്ധി മന്ദിരത്തിൽ നിന്നാരംഭിച്ച മാർച്ച് പൊലീസ് സ്റ്റേഷനു സമീപം ഗവ. ആശുപത്രി റോഡിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു. തുടക്കത്തിൽ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് കയറാൻ ശ്രമിച്ചുവെങ്കിലും പൊലീസ് തടയുകയായിരുന്നു. തുടർന്ന് മാർച്ചിന്റെ ഉദ്ഘാടനത്തിനു ശേഷം വനിതകൾ ഉൾപ്പെടെ ഏതാനും പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സ്റ്റേഷനിലേക്ക് പോകാൻ ശ്രമിച്ചതാണ് ലാത്തിച്ചാർജിൽ കലാശിച്ചത്.

വനിതാ പൊലീസില്ലാതെ വനിതാ പ്രവർത്തകരെ ഉൾപ്പെടെ പുരുഷ പൊലീസുകാർ ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. ലാത്തിച്ചാർജിൽ പരിക്കേറ്റ നവനീത് നാരായണൻ, ഗോകുൽ ഗോപി, മഹിത മോഹനൻ, പ്രണവ് കരേള എന്നിവരെ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 9 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.സി. നാരായണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്കരൻ, ഗോകുൽ ഗോപി എന്നിവർ പ്രസംഗിച്ചു. അർജുൻ കോറോം, കെ.പി. മഹിത, പി.വി. വൈശാഖ്, നവനീത് നാരായണൻ, വി. സേതു, അരുൺ ആലയിൽ, പ്രണവ് കരേള,

ഭരത് ഡി. പൊതുവാൾ തുടങ്ങിയവർ നേതൃത്വം നൽകി.