
കണ്ണൂർ: വൈദ്യുതി ബിൽ കുടിശ്ശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതോടെ കണ്ണൂർ കാൽ ടെക്സ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് കണ്ണുചിമ്മി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സിഗ്നൽ സംവിധാനം നിലച്ചത്.
കോർപറേഷൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഫ്യൂസ് ഊരിയ ദിവസം തന്നെ കമ്പനി കുടിശ്ശിക അടച്ചെങ്കിലും സിഗ്നൽ സംവിധാനം ഇനിയും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മൂന്ന് അപകടമരണങ്ങൾ നടന്ന കാൽടെക്സ് ജംഗ്ഷനിൽ രണ്ടു പൊലീസുകാരെ കാവൽ നിർത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ തോന്നും പോലെ ചീറിപ്പായുകയാണ്. ഇന്നലെ രാവിലെ കെ. എസ്. ആർ.ടി.സി ബസിന്റെ പുറകിൽ തട്ടി ഒരു സ്‌കൂട്ടർ യാത്രക്കാരി മറിഞ്ഞുവീണു. ഇവരുടെ കൈക്കും കാലിനും പരുക്കേറ്റു.തലനാരിഴയ്ക്കാണ് ഇവരുടെ ജീവൻ രക്ഷപ്പെട്ടത്.
രണ്ടുമാസത്തിൽ ഇത് മൂന്നാംതവണ
കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് സിഗ്നൽ ലൈറ്റ് ഇവിടെ പണിമുടക്കുന്നത്. സിഗ്നൽ ലൈറ്റുള്ളപ്പോൾ തന്നെ സ്വകാര്യബസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെ അതിവേഗതയിലൂടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇരുചക്രവാഹനക്കാരാണ് ഇതുമൂലം പരിഭ്രാന്തിയിലാകുന്നതും അപകടത്തിൽപെടുന്നതും. സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന തോട്ടട സ്വദേശിനിയും യുവതിയും രണ്ടു പുരുഷൻമാരും ഇവിടെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. സിഗ്നൽ ലൈറ്റുണ്ടായിരിക്കെയാണ് ഈ അപകടങ്ങൾ.
തലയൂരി കോർപറേഷൻ
സിഗ്നൽ ലൈറ്റിന്റെ നിർമാണവും പരിപാലനവും കരാർ കമ്പനിയുടെ ഉത്തരവാദിത്വമാണെന്നാണ് ഈക്കാര്യത്തിൽ കോർപറേഷന്റെ വിശദീകരണം. തങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു കൈമലർത്തുകയാണിവർ. യാത്രക്കാരുടെ ജീവൻ കൊണ്ടു പന്താടുന്ന പരിപാടിയാണ് ഇതെന്നാണ് നഗരവാസികളുടെ ആരോപണം.