ചെറുവത്തൂർ: സംസ്ഥാന സർക്കാരുകളുടെ ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനായി സംഘടിപ്പിക്കുന്ന ബ്ലോക്ക് തല ആരോഗ്യമേളകൾക്ക് 20ന് നീലേശ്വരം ബ്ലോക്കിലെ ചെറുവത്തൂരിൽ തുടക്കമാകും. തുടർന്ന് ജില്ലയിലെ മറ്റ് ബ്ലോക്കുകളായ മഞ്ചേശ്വരം, കാസർകോട്, കാറഡുക്ക, കാഞ്ഞങ്ങാട്, പരപ്പ എന്നിവിടങ്ങളിൽ ആരോഗ്യമേളകൾ സംഘടിപ്പിക്കും.

ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിൽ എം. രാജഗോപാലൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ശാന്ത എന്നിവർ മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.വി രാമദാസ് പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ സ്വാഗതവും ചെറുവത്തൂർ സാമൂഹികരോഗകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡി.ജി രമേഷ് നന്ദിയും പറയും.

മെഡിക്കൽ ക്യാമ്പ്, ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ്, നേത്രരോഗ പരിശോധന ക്യാമ്പ്, അതിഥി തൊഴിലാളികൾക്കുളള സ്‌ക്രീനിംഗ് ക്യാമ്പ്, വിവിധ ബോധവത്കരണ സ്റ്റാളുകൾ എന്നിവ രാവിലെ മുതൽ മേളയുടെ ഭാഗമായി ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, ആർദ്രം പദ്ധതി നോഡൽ ഓഫീസർ ഡോ. ബി. സുരേശൻ, എ.വി. അനിൽകുമാർ, അബ്ദുൾ ലത്തീഫ്, പി.വി. മഹേഷ് പങ്കെടുത്തു.