വനിത ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ അതിക്രമിച്ചു കയറിയ യുവാവ് ജീവനക്കാരെ മർദ്ദിച്ചതിൽ വനിത ജീവനക്കാരി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
മാട്ടൂൽ കാവിലെപറമ്പ് സ്വദേശി കെ.കെ മുഫീദാണ് ഇന്നലെ രാവിലെ പഞ്ചായത്തിൽ എത്തി ബഹളം ഉണ്ടാക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തത്. അക്രമത്തിൽ ഹെഡ് ക്ലർക്ക് വി. ശ്രീവിദ്യ, സീനിയർ ക്ലർക്ക് പി.ആർ. ശ്രീജിത്ത്, അക്കൗണ്ടന്റ് പി. സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്.
വൈസ് പ്രസിഡന്റ് ഗഫൂർ മാട്ടൂലുമായി റോഡുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ച് കൊണ്ടിരിക്കവേ യുവാവ് ക്ഷുഭിതനാവുകയും സമീപത്തുണ്ടായിരുന്ന ഹെഡ് ക്ലർക്ക് വി. ശ്രീവിദ്യയോട് അകാരണമായി തട്ടിക്കയറുകയും മോശമായ് പെരുമാറുകയും അസഭ്യം പറയുകയുമായിരുന്നു. ഇതോടെ മറ്റ് ജീവനക്കാർ ഇടപെട്ടതോടെ ഇയാൾ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. പുറത്തേക്കിറങ്ങിയ ഇയാൾ ഓഫീസിന്റെ ജനൽചിൽ ഇടിച്ചുതകർത്തു. പുറത്തുപോയി തിരിച്ച് വന്ന് കേസ് കൊടുത്താൽ ജീവനക്കാരെ ജോലി ചെയ്യുവാൻ അനുവദിക്കില്ല എന്ന ഭീഷണിയും മുഴക്കി.
മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ പൊലീസ് യുവാവിനെതിരേ കേസെടുത്തു.
പടം:മാട്ടൂൽ പഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി.ആർ ശ്രീജിത്തിനെ മുഫീദ് ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്ന ജീവനക്കാർ