കണ്ണൂർ: പയ്യാമ്പലം പാർക്കിൽ കാനായി കുഞ്ഞിരാമൻ സൃഷ്ടിച്ച റിലാക്സിംഗ് ശിൽപം നശിപ്പിക്കുന്നതിൽ കലാകാരൻമാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് റോപ്‌വേ തുടങ്ങുന്നതിനാണ് കാനായി ശിൽപത്തിന് സമീപം മെറ്റലും മറ്റുനിർമ്മാണ സാധനങ്ങളുമിറക്കിയത്. ഇതിന് തൊട്ടടുത്താണ് റോപ്‌വേ ടവർ വരുന്നത്.
ഈ സ്ഥലത്തു നിന്നും ശില്പം പൊളിച്ചുകളയാനുള്ള നീക്കമാണ് നടത്തുന്നത്. നേരത്തെ പയ്യാമ്പലത്ത് കാനായി ആദ്യം നിർമ്മിച്ച അമ്മയും കുഞ്ഞും മണൽ ശിൽപ്പത്തിനും ഇതേ ഗതിയായിരുന്നു. ചിത്രകലാ പരിഷത്ത് ഭാരവാഹികൾ പയ്യാമ്പലം പാർക്ക് സന്ദർശിക്കുകയും കാനായി പ്രതിമ സംരക്ഷിക്കണമെന്ന് ഡി.ടി.പി.സി സെക്രട്ടറി ജെ.കെ ജിജേഷ്‌കുമാർ, കണ്ണൂർ മേയർ ടി.ഒ മോഹനൻ എന്നിവർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധം ശക്തമാകുമ്പോഴും അനങ്ങാപ്പാറ നയമാണ് ഡി.ടി.പി.സി സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്.
ഇതിൽ പ്രതിഷേധിച്ച് ഈ മാസം 29ന് കാനായി ശിൽപം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലാകാരൻമാരുടെ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ചിത്രകലാ പരിഷത്ത് ഭാരവാഹികൾ അറിയിച്ചു. അന്നേ ദിവസം കേരളത്തിലെ പ്രമുഖ കലാകാരൻമാർ പയ്യാമ്പലത്തെത്തി സർഗാത്മക പ്രതിഷേധമുയർത്തും. പരിപാടിയിൽ കാനായിയെ കൂടി പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
കണ്ണൂരിന്റെ അഭിമാനമായ കാനായി ശിൽപ്പം വികസനത്തിന്റെ പേരിൽ പയ്യാമ്പലം പാർക്കിൽ നിന്നും നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.
ചിത്രകലാ പരിഷത്ത് മുൻ ജില്ലാ അദ്ധ്യക്ഷനായ ഹരീന്ദ്രൻ ചാലാട്