ധർമ്മശാല: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ചന്ദനമര മോഷണം. ഇന്നലെ രാവിലെയാണ് കോംപൗണ്ടിലെ കെ.എ.പി ആശുപത്രിക്ക് മുന്നിലുള്ള സ്ഥലത്ത് പരേഡ് ഗ്രൗണ്ടിനും ആശുപത്രിക്കും ഇടയിൽ ഒഴക്രോം റോഡിന് സമീപത്തായി ചന്ദനമരം മുറിച്ചുകൊണ്ടുപോയതായി കാണുന്നത്. മരത്തിന്റെ കുറ്റി മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഇതിന് മുകളിൽ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് മറയ്ക്കുകയും ചെയ്തു.

ദിവസം മുഴുവനും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറൽ പൊലീസ് മേധാവിയുടെ ആസ്ഥാനമുൾപ്പെടെ പൊലീസ് വകുപ്പിന്റെ നിരവധി സുപ്രധാന ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിലെത്തിയ മോഷ്ടാക്കൾ മരം യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചുകൊണ്ടുപോയതായിട്ടാണ് സംശയിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിലേറെ രൂപ വിലമതിപ്പുള്ള ചന്ദനമരമാണ് മോഷ്ടാക്കൾ കൊണ്ടുപോയതെന്നാണ് വിവരം. നേരത്തേയും കെ.എ.പി ആസ്ഥാനത്ത് നിന്ന് ചന്ദനമരം മോഷണം പോയിരുന്നതായും പറയുന്നുണ്ട്. കണ്ണപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.